സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച ‘സിഗ്നേച്ചര്‍’ എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’ രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്‍മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്‍, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന്‍ ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ – വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി.

ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്‍, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്‍, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്‍സീന്‍ അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന്‍ കുണിയേരി സംവിധാനം ചെയ്തു.
കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്‍, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന്‍ തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-