തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം യു.എ.ഇ നടപ്പിലാക്കി. ബാങ്കുകള്‍, മണി എക്സ് ചേഞ്ച് സെന്‍ററുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി മാത്രം തൊഴിലാളികളുടെ ശമ്പളം നല്‍കുന്ന സംവിധാനമാണിത്.
നിര്‍മ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന പല തൊഴിലാളികളും ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് യു.എ.ഇ അധികൃതര്‍ നടപടി സ്വീകരിച്ചത്. ശമ്പളം കൃത്യസമയത്ത്, കൃത്യമായി തന്നെ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് ഉറപ്പ് വരുത്താന്‍ കഴിയുന്ന സംവിധാനമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. അബുദാബിയില്‍ നടന്ന ചടങ്ങിലാണ് യു.എ.ഇ തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ്, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നാസര്‍ അല്‍ സുവൈദി എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചത്.
വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്ന പേരിലുള്ള സംവിധാന പ്രകാരം ഓരോ തൊഴിലാളിയുടേയും മാസ ശമ്പളം ബാങ്കുകള്‍, മണി എക്സ് ചേഞ്ച് സെന്‍ററുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ തൊഴിലാളികളുടെ ശമ്പളം എത്തുമ്പോള്‍ തന്നെ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ കൃത്യമായി ലഭിക്കും. അതുകൊണ്ട് തന്നെ കൃത്യമായി ശമ്പളം കൊടുക്കാത്ത തൊഴിലുടമകളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയത്തിന് എളുപ്പത്തില്‍ സാധിക്കും.
എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ പേരും ശമ്പളവും സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ പിഴവ് വരുത്തുന്ന തൊഴിലുടമകള്‍ നിയമ നടപടികള്‍ക്ക് വിധേയകരാകേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള അവസാന തീയതി എന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഏത് ധനകാര്യ സ്ഥാപനം വഴിയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കേണ്ടതെന്ന് തൊഴിലുടമയ്ക്ക് തീരുമാനിക്കാവുന്നതാണ്. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കും.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും ഇതോടെ തൊഴില്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നും തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് പറഞ്ഞു.
യു.എ.ഇയിലെ മൂന്ന് ലക്ഷത്തിലധികം കമ്പനികളിലെ 45 ലക്ഷത്തിലധികം തൊഴിലാളികള്‍ ഈ പുതിയ സംവിധാനത്തിന് കീഴില്‍ വരും.
-