ഈ മാസം ഒന്ന് മുതലാണ് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവ് എം പോസ്റ്റ് നടപ്പിലാക്കിയത്. 15 ദിര്‍ഹമുണ്ടായിരുന്ന ചാര്‍ജാണ് 50 ദിര്‍ഹമാക്കി ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നത്. ഡെലിവറി ചാര്‍ജ് ഇപ്പോള്‍ 30 ദിര്‍ഹമാക്കിയാണ് എംപോസ്റ്റ് അധികൃതര്‍ കുറച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
നിരക്ക് വര്‍ധനവിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ എം പോസ്റ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് ന്യായീകരിക്കാനാവത്തതാണെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ എം പോസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡെലിവറി ചാര്‍ജ് 50 ല്‍ നിന്ന് 30 ദിര്‍ഹമാക്കി കുറച്ചിരിക്കുന്നത്.
പാസ് പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കുള്ള സാധാരണ ചാര്‍ജുകള്‍ക്ക് പുറമേ 12 ദിര്‍ഹം പ്രോസസിഗ് ചാര്‍ജ്, 10 ദിര്‍ഹം ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്, 50 ദിര്‍ഹം ഡെലിവറി ചാര്‍ജ് എന്നിവയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഡെലിവറി ചാര്‍ജ് 30 ദിര്‍ഹമായി കുറച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇരട്ടി വര്‍ധനവുണ്ട്.
ഫെബ്രുവരി 22 മുതല്‍ യു.എ.ഇയിലെ ഇന്ത്യന്‍ പാസ് പോര്‍ട്ട്, വിസ സേവനങ്ങള്‍ എം പോസ്റ്റ് മുഖേനയാണ് നടക്കുന്നത്. ഇന്ത്യന്‍ അധികൃതര്‍ ഈ സേവനങ്ങള്‍ ഔട്ട് സോഴ്സ് ചെയ്യുകയായിരുന്നു. യു.എ.ഇയിലെ എല്ലാ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ് സെന്‍ററുകളിലും പുതുക്കിയ ഡെലിവറി ചാര്‍ജ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഡെലിവറി ചാര്‍ജില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവ് എംപോസ്റ്റ് നടപ്പിലാക്കിയപ്പോള്‍ യു.എ.ഇയിലെ നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയത്. കോണ്‍സുലേറ്റിലും ഇന്ത്യന്‍ എംബസിയുലും മാത്രമല്ല കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് വരെ ഇവര്‍ ഇതിനെതിരെ പരാതി അയച്ചു. സജീവമായ ഈ ഇടപെടലാണ് ഇന്ത്യന്‍ അധികൃതരെ എത്രയും വേഗം എംപോസ്റ്റ് അധികൃതരുമായി ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. ഏതായാലും ഫലത്തില്‍ ഡെലിവറി ചാര്‍ജില്‍ ഇരട്ടി വര്‍ധനവുണ്ടെങ്കിലും 50 ല്‍ നിന്ന് 30 ദിര്‍ഹത്തിലേക്ക് ചാര്‍ജ് കുറയ്ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ വിജയമായി തന്നെ വേണം കാണാന്‍.
അതേ സയമം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ് സെന്‍ററുകളില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നില്ലെന്ന് പരാതി ഇപ്പോഴും ഉയരുകയാണ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനിലെ ഈ കേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ച ദിവസങ്ങളോളമാണ് സേവനം മുടങ്ങിയത്. സെര്‍വര്‍ ഡൗണാണ് എന്നാണ് ഇതിന് എംപോസ്റ്റ് അധികൃതര്‍ പറഞ്ഞ കാരണം. മാസത്തില്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും റാസല്‍ഖൈമയിലെ ഇന്ത്യന്‍ അസോസിയേഷനിലെ എംപോസ്റ്റ് കേന്ദ്രത്തില്‍ സേവനം ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം.എം നൂറുദ്ദീന്‍ പറയുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഈ തകരാറിന് മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെങ്കിലും അസോസിയേഷനാണ് ഇതിനുത്തരവാദി എന്ന തെറ്റിദ്ധാരണയില്‍ ഭൂരിപക്ഷം പേരും അസോസിയേഷനെയാണ് സമീപിക്കുന്നതെന്നും നൂറുദ്ദീന്‍ വ്യക്തമാക്കുന്നു.
അതേ സമയം അധികം വൈകാതെ തന്നെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
-