ആലപ്പുഴയില്‍ നടക്കുന്ന നെഹ്രുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും. ജൂലി ലൂയിസിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്ന് തുഴയെറിയുക.
തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് നെഹ്രു ട്രോഫി വള്ളംകളിയില്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘം പങ്കെടുക്കുന്നത്. മൗണ്ടന്‍ ഹൈ സ്ഥാപക ജൂലി ലൂയിസിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ വനിതകളാണ് ഇത്തവണ പുന്നമടക്കായലില്‍ തുഴ എറിയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യു.എ.ഇയില്‍ താമസിക്കുന്ന വനിതകളാണ് ഈ സംഘത്തിലുള്ളത്. സിറിയയില്‍ നിന്നുള്ള സാന്ദ്രല്ല അല്‍ ദ്രൗബി, ബ്രിട്ടീഷ് വംശജരായ ലിന്‍സെ ഗെഡ്മാന്‍, ജൂലിയ ഗെഡ്മാന്‍, അഹ് ലാം അലി, നമീബിയയില്‍ നിന്നുള്ള ഹെല്‍ഗ മേയര്‍, സൗത്ത് ആഫ്രിക്കന്‍ സ്വദേശിനികളായ ബെറീല്‍ കെയ്ത്ത്, മറീന ക്രോണെ, ഓസ്ട്രേലിയന്‍ വംശജയായ മാരീ ലൂയിസ് എന്നിവരാണ് സംഘത്തിലുള്ളത്. മലയാളിയായ ഷെറീന്‍ സൈഫുദ്ദീനും വള്ളംകളിയില്‍ പങ്കെടുക്കും. ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ തുഴയെറിയുക.
തങ്ങള്‍ തികഞ്ഞ ആവേശത്തിലാണെന്നും ഇത്തവണ കീരീടം നേടുമെന്നും ജൂലി ലൂയിസ് പറഞ്ഞു.
ജയശ്രീ ട്രാവല്‍സിന്‍റെ നേതൃത്വത്തിലാണ് ഈ പത്തംഗ സംഘം നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. വരും വര്‍ഷങ്ങളിലും യു.എ.ഇയില്‍ നിന്നുള്ള സംഘത്തെ ഈ വള്ളംകളി മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജയശ്രീ ട്രാവല്‍സ് എം.ഡി കെ.എസ് വിക്രമന്‍ വ്യക്തമാക്കി.
യു.എ.ഇയില്‍ നിന്നുള്ള സംഘത്തിന് ആശംസകള്‍ അര്‍പ്പിക്കാനായി ഇന്ത്യന്‍ കോണ്‍സുല്‍ വേണു രാജാമണിയും എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്ന് വേണു രാജാമണി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലി അമറിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുത്ത സംഘം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഹാട്രിക് വിജയം നേടാനാവാത്തതിന്‍റെ ദുഖത്തിലാണ് അന്ന് സംഘം തിരിച്ചെത്തിയത്. കഠിനമായ പരിശീലനം നടത്തുന്ന സംഘം ഇത്തവണ എന്തായാലും കിരീടം നേടുമെന്ന ദൃഢ നിശ്ചയത്തിലാണ്.
-