ദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്.
നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്.
ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: personalities, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, സംഘടന