ദുബായ് മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 16 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും പേര്‍ ദുബായ് മെട്രോയില്‍ യാത്ര ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്. മെട്രോ ആരംഭിച്ച ഈ മാസം ഒന്‍പത് മുതല്‍ ശനിയാഴ്ച വരെ 10,18,030 പേര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 16 ദിവസം കൊണ്ടാണ് ഇത്രയും പേര്‍ ദുബായ് മെട്രോയിലൂടെ സഞ്ചരിച്ചത്.
പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോയാണ് ദുബായിലേത്. ആദ്യ ഘട്ടത്തില്‍ പത്ത് സ്റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ റെഡ് ലൈനിലെ ബാക്കി ഒന്‍പത് സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകും.
യാത്രക്കാരുടെ എണ്ണത്തില്‍ മോള്‍ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. 1,92,585 പേരാണ് ഈ സ്റ്റേഷനിലൂടെ യാത്ര ചെയ്തത്. റാഷിദിയ സ്റ്റേഷനിലൂടെ 1,47,741 പേരും ഖാലിദ് ബിന്‍ അല്‍ വലീദ് സ്റ്റേഷനിലൂടെ 1,38,720 പേരും നഖീര്‍ ഹാര്‍ബര്‍ സ്റ്റേഷനിലൂടെ 1,22,997 പേരും യാത്ര ചെയ്തതായാണ് കണക്ക്.
1,08,467 യാത്രക്കാര്‍ അല്‍ ഇത്തിഹാദ് സ്റ്റേഷന്‍ വഴിയും 99,871 യാത്രക്കാര്‍ ദേര സിറ്റി സെന്‍റര്‍ സ്റ്റേഷന്‍ വഴിയും 70,973 യാത്രക്കാര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സ്റ്റേഷന്‍ വഴിയും മെട്രോയിലൂടെ സഞ്ചരിച്ചു. ഏറ്റവും കുറവ് പേര്‍ യാത്ര ചെയ്തത് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ 3 സ്റ്റേഷന്‍ വഴിയാണ്. 32,381 പേര്‍ മാത്രമാണ് ഈ സ്റ്റേഷന്‍ വഴി മെട്രോയില്‍ യാത്ര ചെയ്തത്.
ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായ് മെട്രോയിലെ യാത്രക്കാരുടെ എണ്ണം 50 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ പത്ത് സ്റ്റേഷനുകളിലൂടെ 97,000 ത്തില്‍ അധികം പേരാണ് യാത്ര ചെയ്തത്.
-