അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള ‘ഒജ്റ’ സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കും. മൊത്തം 30 ശതമാനം വര്‍ദ്ധനവുണ്ടാകും. പകല്‍ സമയത്ത് യാത്ര തുടങ്ങുന്നത് 2.60 ദിര്‍ഹം ആയിരുന്നത് 3 ദിര്‍ഹമായി വര്‍ദ്ധിക്കും. ഓരോ കിലോമീറ്ററിനും 1 ദിര്‍ഹവുമാണ് ചാര്‍ജ്. നഗരത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ഇരട്ട ചാര്‍ജ് നിര്‍ത്തലാക്കി. പകരം 50 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുമ്പോള്‍ ഓരോ കിലോമീറ്ററിനും 1.50 ദിര്‍ഹം കൊടുക്കണം. രാത്രി 3.60 മിനിമം ചാര്‍ജില്‍ ഓടി തുടങ്ങുന്ന ടാക്സിക്ക് ഓരോ കിലോമീറ്ററിനും 1.20 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.
ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.






