മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും.


ഗാസയില്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യു. എ. ഇ. യുടെ സഹായ ഹസ്തം. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും പ്രധാന മന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് 1200 വീടുകളാണ് പലസ്തീനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരും അറുന്നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തത്സമയ ടിവി, റേഡിയോ പ്രത്യേക കാമ്പയിനുകളും ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. 315 മില്യണ്‍ ദിര്‍ഹം ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. യു. എ. ഇ. പ്രസിഡന്‍റിന്‍റെയും പ്രധാന മന്ത്രിയുടെയും അബുദാബി കിരീട അവകാശിയായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്യാമ്പയിനുകളും മറ്റും സംഘടിപ്പി ച്ചിരിക്കുന്നത്. റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍ എന്നതാണ് മുദ്രാവാക്യം.
ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും. 





