ദുബായ് : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പ്രവാസി വോട്ടവകാശ ബില്‍ ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ് ജന. സെക്രട്ടറിയും യു.എ.ഇ. യിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.
6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസം ഇല്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി ഇല്ലാതാവുന്നതോടെ എല്ലാ പ്രവാസികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് ചേര്‍ക്കാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും.
അതാത് രാജ്യങ്ങളിലെ എംബസി വഴി വോട്ട് രേഖപ്പെടുത്തുക എന്നുള്ള ആശയത്തിനു ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗള്‍ഫ് നാടുകളിലെ നിയന്ത്രണങ്ങളും മറ്റും കണക്കിലെടുത്താല്‍, എംബസി അടിസ്ഥാനമായി വ്യാപകമായൊരു തെരഞ്ഞെടുപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.
അമേരിക്കയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും പൌരന്മാര്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നത് പോലെയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്നും നാം ഓര്‍ക്കണം. ലോക് സഭ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരെ എംബസികള്‍ വഴി നടത്തുന്നത് വിദേശ രാജ്യങ്ങളിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ അപ്രായോഗികമാണ്.
ലോകമെമ്പാടും ഇന്ത്യന്‍ പൌരന്മാര്‍ പ്രവാസികളായി ജീവിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ ജനത്തിന് അപ്രാപ്യവുമാണ്.
ഇതെല്ലാം കണക്കിലെടുത്ത് പ്രവാസികള്‍ക്ക് വോട്ടവകാശം എന്ന ന്യായമായ ആവശ്യം നടപ്പിലാക്കാന്‍ ആദ്യ പടി എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതും അത് ഇപ്പോള്‍ ലോക് സഭ അംഗീകരിച്ചതും. എംബസി വഴിയുള്ള തെരഞ്ഞെടുപ്പും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും എല്ലാം സാദ്ധ്യമാവു ന്നതിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ പ്രവാസികള്‍ക്ക് ഏറ്റവും സന്തോഷകരമായ ഒരു നേട്ടമാണ് ഇത് എന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വോട്ടവകാശം ലഭിക്കുന്നതിലൂടെ പ്രവാസികള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറും. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കാന്‍ ഇനി രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെയുമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, പ്രവാസി
I feel that e-pathram is becoming a “sponsored news portal”like other medias. We are expecting the power of alternative media. Why you are keeping this kind of “news” more than one day?
regards
rijesh