പരിസ്ഥിതി കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല, ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തന്റെ കാമറയില്‍ പകര്‍ത്തി കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ നമ്മെ വിട്ട് പോയി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ് ഈ വേര്‍പാട്. സൈലന്‍റ് വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തിനെ കാണാം. അതിനു പ്രത്യേകം ക്ഷണിക്കേണ്ടതില്ല, കേട്ടറിഞ്ഞ് അവിടെ ഓടിയെത്തും. ലാഭത്തിനു വേണ്ടി, അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയല്ല ശരത്തിന്റെ പ്രവര്‍ത്തനം, സമാന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാനും, ലോക ക്ലാസിക്ക് സിനിമകള്‍ പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കുവാനും ശരത്തിന് എന്നും താല്‍പര്യമായിരുന്നു. വലിയ ഫെസ്റ്റിവെലുകള്‍ ഇല്ലാതെ തന്നെ, സിനിമയെ ജനങ്ങളി ലെത്തിക്കുന്നതില്‍ ശരത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത തൌസന്റ്റ് ഡെയ്സ് ആന്‍റ് എ ഡ്രീം , കയ്പ്പുനീര് തുടങ്ങിയ ഡോക്ക്യുമെന്ററികള്‍ കൊക്കൊകോള ക്കെതിരെ ശക്തമായ ദൃശ്യ ഭാഷയായിരുന്നു. കൂടാതെ “എല്ലാം അസ്തമിക്കും മുന്‍പേ”, “കനവ്”, “എ പൂയംകുട്ടി ടെയില്‍”, “ദ കേരള എക്സ്പീരിയന്‍സ്”, “ഡയിംഗ് ഫോര്‍ ദ ലാന്‍ഡ്”, “ഒണ്‍ലി ആന്‍ ആക്സ് അവെ” എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന ഡോക്ക്യുമെന്ററികളാകുന്നു.
ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ശരത്തിന്റെ പ്രത്യേകത. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്ക്യുമെന്ററികള്‍ ഗ്രാമങ്ങളില്‍ ചെന്ന് കാണിക്കുന്ന, ഭൂമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ ഇനി പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്നില്‍ തന്റെ കാമറയുമായി ഉണ്ടാവില്ല. ശരത് ചന്ദ്രന്റെ വേര്‍പാട് കേരളത്തിന് തീരാനഷ്ടമാണ്. പ്രത്യേകിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്. ആ പരിസ്ഥിതി പ്രവത്തകന്റെ വേര്‍പാടില്‍ e പത്രം ദുഃഖം രേഖപ്പെടുത്തുന്നു.
ശരത് ചന്ദ്രന് പച്ചയുടെ ആദരാഞ്ജലികള്‍
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people, obituary
[…] […]
[…] […]
ആദരാഞ്ജലികള്‍.