ആലപ്പുഴ: ജല മലിനീകരണം നടത്തിയതിന് പ്രമുഖ കയര്‍ വ്യവസായിയും എന്‍. സി. ജോണ്‍ & സണ്‍സ് ഉടമയുമായ എന്‍. സി. ജെ. രാജന് തടവു ശിക്ഷ. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൊബൈല്‍) രണ്ടു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയൊടുക്കുവാനും വിധിച്ചത്. രാജനെ കൂടാതെ കമ്പനിയുടെ അഞ്ച് ഡയറക്ടര്‍മാരേയും ശിക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജല മലിനീകരണ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിക്ക് തടവ് ശിക്ഷ വിധിക്കുന്നത്.
ഫാക്ടറിയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാത്തതു മൂലം കുടി വെള്ളം മലിനമാക്കുന്നതായി കാണിച്ച് സി. കെ. കൌമുദി എന്ന വീട്ടമ്മ നല്‍കിയ പരാതിയും തുടര്‍ന്ന് എട്ടു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനും ഒടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ഹൈക്കോടതി അതിനു തയ്യാറായില്ല. 2001-ല്‍ ആലപ്പുഴ തുമ്പോളിയില്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്നും പുറത്തു വിടുന്ന മലിന ജലവും രാസ വസ്തുക്കളും സമീപത്തെ ശുദ്ധ ജല സ്രോതസ്സുകളെ മലിനമാക്കുന്നതായുള്ള പരാതിയെ ശരി വെയ്ക്കും വിധത്തിലാണ് സംസ്ഥാന മലിനീകരണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയതും.
-
കൊട്തി വിധിയെ സ്വഗതം ചെയുന്നു !