ബര്‍ലിന്‍ : ജര്‍മനിയില്‍ 2022 ആകുന്നതോടെ ആണവോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന എല്ലാ ആണവ നിലയങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള ബില്ല് ജര്‍മ്മന്‍ പാര്‍ലിമെന്റ് പാസാക്കി. 79 നെതിരെ 513 വോട്ടുകളാണ് ബില്ലിനനുകൂലമായി ലഭിച്ചത്. ജപ്പാനിലെ സുനാമിക്ക് ശേഷം ജര്‍മ്മനിയിലെ ആണവ നിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മാര്‍ച്ച് മാസത്തില്‍ അവതരിപ്പിച്ച ഈ ബില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പാര്‍ലിമെന്റ് പാസാക്കിയത്. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചലീന മാര്‍ക്കെല്‍ ആണവോര്‍ജ്ജം ഇനി നമുക്ക് വേണ്ട എന്ന ധീരമായ തീരുമാനെടുത്തതിനെ തുടര്‍ന്നാണ് ബില്‍ പാസായത്. 2020 ആകുന്നതോടെ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവ ഇന്ധനം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജം എന്നിവ ഇരട്ടിയാക്കുമെന്നും, ഈ വര്‍ഷത്തോടെ തന്നെ 35 ശതാമാനമാക്കി ഉയര്‍ത്തുമെന്നും ആണവോര്‍ജ്ജത്തില്‍ 25ശതമാനം കുറവ് വരുത്തുമെന്നും ജര്‍മ്മന്‍ പവര്‍ അതോറിറ്റി മേധാവി അറിയിച്ചു. “ജനങ്ങള്‍ളില്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടാകാം, അത് സ്വാഭാവികം മാത്രം, എന്നാല്‍ ടെക്നോളജിക്ക് പോലും പരിഹാരം കണ്ടെത്താനാവാത്ത ഒരു ഊര്‍ജ്ജത്തെ അതെത്ര ലാഭമുണ്ടാക്കുന്നതായാലും ശരി രാജ്യത്തിന്റെ നന്മയ്ക്കായി, നല്ല ഭാവിക്കായി വേണ്ട എന്ന് വെയ്ക്കുക തന്നെയാണ് വിപ്ലവകരമായ തീരുമാനം” ജര്‍മ്മന്‍ പരിസ്ഥിതി മന്ത്രി നോര്‍ബ്രറ്റ് റ്യൂട്ടന്‍ പറഞ്ഞു.