ടോക്യോ : ഫുക്കുഷിമയെ തകർത്തു തരിപ്പണമാക്കിയ സുനാമിയും തുടർന്നുണ്ടായ ആണവ നിലയ സ്ഫോടനവും നടന്നിട്ട് ഒരു വർഷം തികയുമ്പോൾ ഫുക്കുഷിമയിൽ ഇപ്പോഴും ആണവ അവശിഷ്ടങ്ങളുടെ ശുദ്ധീകരണ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കടൽ തീരം ഇന്ന് വിജനമാണ്. ആണവ റിയാക്ടറിന്റെ ശീതീകരണ സംവിധാനം തകരാറിൽ ആയതിനെ തുടർന്ന് റിയാക്ടർ തണുപ്പിക്കാനായി വൻ തോതിൽ ജലം കടലിൽ നിന്നും പമ്പ് ചെയ്യുകയും അണു പ്രസരണ തോത് ഏറെ കൂടുതലുള്ള ജലം കടലിൽ എത്തിച്ചേരുകയും ചെയ്തതിനെ തുടർന്ന് കടലിലെ ജലം സുരക്ഷിതമല്ല എന്ന ഭീതിയാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികളെ അകറ്റി നിർത്തുന്നത്.
അയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ഇപ്പോൾ ഫുക്കുഷിമ ദായിചി ആണവ നിലയങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇവർക്ക് മതിയായ ആണവ സുരക്ഷാ പരിശീലനമോ മാർഗ്ഗ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല എന്നാണ് ഇവിടെ നിന്നും രഹസ്യമായി കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും ഈ സ്ഥലങ്ങളിൽ കർശ്ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് വിലക്കുണ്ട്.
ആണവ നിലയത്തിലെ ഉദ്യോഗസ്ഥരോ എഞ്ചിനിയർമാരോ ഇവിടെ ജോലി ചെയ്യുന്നില്ല. പകരം 600ഓളം കരാറുകാരുടെ ജോലിക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളോ മാനദണ്ഡങ്ങളോ മേൽനോട്ടം വഹിക്കുവാൻ സംവിധാനവുമില്ല. അണു പ്രസരണത്തിൽ നിന്നും രക്ഷ നേടാനുള്ള ആവരണങ്ങളും പ്രത്യേക സുരക്ഷാ വേഷ വിധാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിൽ മതിയായ പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.
പലപ്പോഴും ഇവർ ഈ സുരക്ഷാ കവചങ്ങൾ ഊരി മാറ്റിയാണ് പരസ്പരം സംസാരിക്കുന്നത്. തൊഴിലാളികളുടെ കൈവശം അണു പ്രസരണ മാപിനി എപ്പോഴും കരുതണം എന്നാണ് ചട്ടം. ഈ മാപിനികൾ ഇവർക്ക് ഏൽക്കുന്ന അണു പ്രസരണതിന്റെ തോത് വ്യക്തമാക്കുന്നു. ഇത് അനുവദനീയമായ തോതിലും കൂടുതലായാൽ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല എന്നതിനാൽ പലരും ഈ മാപിനികൾ അഴിച്ചു വെച്ചാണ് ജോലിക്ക് കയറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾ നേരിടുന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് അജ്ഞരാണ് എന്നതാണ് എറ്റവും സങ്കടകരം.