ദുബായ് : e പത്രം പരിസ്ഥിതി ക്ലബ് ദുബായില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. തോമസ് ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന വേളയിലാണ് e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ പുതിയ സംരംഭമായ ഹ്രസ്വ ചിത്ര പ്രദര്‍ശനത്തിന് ആരംഭം കുറിച്ചത്.
കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ് നിര്‍മ്മിച്ച “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്.
“പുനര്‍ജനിയ്ക്കായി”
ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ അറിയിച്ചു.
സാംസ്കാരിക പരിപാടികള്‍ നടത്തുമ്പോള്‍ പലപ്പോഴും പ്രഖ്യാപിച്ച സമയം കഴിഞ്ഞാവും മുഖ്യ അതിഥികളും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഈ ഇടവേളയില്‍ കാലിക പ്രസക്തിയുള്ളതോ, പാരിസ്ഥിതിക ബോധവല്‍ക്കരണത്തിന് ഉപയുക്തമായതോ ആയ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തങ്ങളെ ബന്ധപ്പെട്ടാല്‍ സൌജന്യമായി തന്നെ ചിത്ര പ്രദര്‍ശനം നടത്തും എന്നും e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7861269 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ റിപ്പോര്‍ട്ടിന്റെ താഴെ അഭിപ്രായം അറിയിക്കാനുള്ള സ്ഥലത്ത് ഫോണ്‍ നമ്പരോ ഈമെയില്‍ വിലാസമോ ചേര്‍ത്താല്‍ ക്ലബ് പ്രവര്‍ത്തകര്‍ നിങ്ങളെ ബന്ധപ്പെടുന്നതുമാണ്.