പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമായി കാർബൺ കാൽപ്പാട് കുറയ്ക്കുവാനുള്ള പദ്ധതികളുമായി വ്യാവസായിക ലോകം ഊർജ്ജിതമായി പരിശ്രമിക്കുന്ന വേളയിൽ ഈ ജല ദിനത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു കാമ്പെയിൻ ആണ് ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരിക്കുന്നത്. ജല കാൽപ്പാട് കുറയ്ക്കുക എന്നതാണ് ഇത്.
ജല കാൽപ്പാട് എന്നാൽ ഒരാൾ ഉപയോഗിക്കുന്ന ജലത്തിന്റെ അളവാണ്. ഇതെങ്ങനെ കുറയ്ക്കാം? കേവലം ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മാത്രമല്ല ഇത്. നമ്മൾ ജലം മറ്റു പല രൂപത്തിലും ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇത്തരം എല്ലാ രീതിയിലുമുള്ള ജല ഉപയോഗവും കുറയ്ക്കുക എന്നതാണ് ജല കാൽപാട് കുറയ്ക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
മുകളിലുള്ള ലോക ജല ദിനത്തിന്റെ ലോഗോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക. ലോകത്തിന് ദാഹിക്കുന്നത് നമുക്ക് വിശക്കുന്നത് കൊണ്ടാണ് എന്നാണ് അത്. ലോക ജനസംഖ്യ ഇന്ന് എഴുന്നൂറ് കോടിയാണ്. അതായത് എഴുന്നൂറ് കോടി ആളുകളുടെ ഭക്ഷണ ആവശ്യമാണ് ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇത് തൊള്ളായിരം കോടി കവിയും എന്നാണ് കണക്ക് കൂട്ടൽ. ശരാശരി മനുഷ്യൻ പ്രതിദിനം രണ്ട് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കും. എന്നാൽ നമ്മൾ അകത്താക്കുന്ന ജലത്തിന്റെ ഏറിയ പങ്ക്‍ ഇതല്ല എന്നതാണ് ശ്രദ്ധേയം. ഈ ജലം ഭക്ഷണത്തിലൂടെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒരു കിലോ പോത്തിറച്ചി ഉണ്ടാക്കാൻ ഒരു ലക്ഷം ലിറ്റർ ജലം വേണം. അറക്കുന്നത് വരെ ഈ മാടിന് വേണ്ട ജലമാണ് ഇത്. ഇതും ഈ മാട് ജല രൂപത്തിൽ കുടിക്കുന്നതല്ല. മാടിന് നൽകുന്ന വൈക്കോലിന് വളരാൻ വേണ്ട ജലവും, കാലിത്തീറ്റ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ജലവും, കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജലവും എല്ലാം കൂടെ ചേർത്ത് ലഭിച്ചതാണ് ഈ കണക്ക്. അതായത് ഒരു കിലോ മാട്ടിറച്ചി നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്ന ജലം ഒരു ലക്ഷം ലിറ്റർ വരും എന്നർത്ഥം. എന്നാൽ ഒരു കിലോ ഗോതമ്പ് ഉണ്ടാക്കാൻ വെറും 1500 ലിറ്റർ ജലം മാത്രം മതി.
നിങ്ങളുടെ തീൻ മേശയിൽ ഇരിക്കുന്ന ബീഫ് ബിരിയാണി സ്വാദോടെ കഴിക്കുന്നതിന് മുൻപ് ഒരു നിമിഷം ഈ കാര്യം ഒന്ന് മനസ്സിൽ ചിന്തിക്കുക. നിങ്ങൾ ഒരു ലക്ഷം ലിറ്റർ ജലമാണ് അകത്താക്കാൻ പോകുന്നത്.
ലോകം തീവ്രമായ ഭക്ഷ്യ ദൌർലഭ്യവും ജല ക്ഷാമവും നേരിടുന്ന അവസരത്തിൽ പ്രശ്നം മറ്റെവിടെയോ ആണെന്ന് ഇനിയും നമുക്ക് നടിക്കാൻ ആവില്ല. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ലോക ജനസംഖ്യയ്ക്കൊപ്പം എല്ലാവർക്കും പോഷകാഹാരം ലഭ്യമാക്കുവാൻ നാം ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ :
- ആരോഗ്യ പൂർണ്ണവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഭക്ഷണരീതി പിന്തുടരുക
- ജലം കൂടുതൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
- ഭക്ഷണം പാഴാക്കാതിരിക്കുക. ഇന്ന് ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നാം കഴിക്കാതെയും ബാക്കി വെച്ചും പാഴാവുന്നു എന്നാണ് കണക്ക്. ഈ പാഴായ ഭക്ഷണത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ട ഭീമമായ അളവ് ജലവും പാഴാവുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
- കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ ഗുണമേന്മയുള്ള മെച്ചപ്പെട്ട ഭക്ഷണം നിർമ്മിക്കുക.
ഭക്ഷണ ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ജല സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തി എല്ലാവർക്കും ഭക്ഷണവും ജലവും ലഭിക്കുന്നു എന്ന് നമുക്ക് ഉറപ്പ് വരുത്തുവാനാവും.
തങ്ങളുടെ ഭക്ഷണ രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി നമുക്ക് ഒരോരുത്തർക്കും നമ്മുടെ ജല കാൽപ്പാട് കുറയ്ക്കുവാൻ കഴിയും എന്ന് കൂടി ഈ ലോക ജല ദിനത്തിൽ ഐക്യ രാഷ്ട്ര സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു.