
ഡര്‍ബന്‍: ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ന് തുടങ്ങും. സമ്മേളനം പത്ത് ദിവസം നീണ്ടു നില്‍ക്കും. ആഗോള താപനത്തിന്റെ വര്‍ദ്ധനവും സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇല്ലാതാകുന്ന കര പ്രദേശങ്ങളും, ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ബഹിര്‍ഗമനവും എല്ലാം ചര്‍ച്ചക്ക് വരുന്ന സുപ്രധാനമായ സമ്മേളനം ആയതിനാല്‍ ഒരേ സമയം നിറഞ്ഞ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയുമാണ് ഇത്തവണത്തെ ഉച്ചകോടിയെ ലോക ജനത ഉറ്റു നോക്കുന്നത്.
ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സുപ്രധാന മായ പല തീരുമാനങ്ങളും എടുക്കേണ്ടാതായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ സംഭവിച്ചേക്കാവുന്ന ‘കര ഭാഗങ്ങളുടെ അപ്രത്യക്ഷമാകല്‍’ എന്ന വന്‍ വിപത്ത് ലോക ജനതയുടെ ശ്രദ്ധയില്‍ വരേണ്ടതിന്റെ ആവശ്യകത യു. എന്‍. സെക്രട്ടറി ബാന്‍ കി മൂണ്‍ എടുത്തു പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്ര നിരപ്പുയര്‍ന്നാല്‍ ആദ്യം ഇല്ലാതാവുന്ന പസഫിക് ദ്വീപ് സമൂഹത്തിലെ ചെറു രാജ്യമായ കരീബാസില്‍ ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. പസഫിക്കിലെ തന്നെ തുവാലു ദ്വീപിന്റെ അവസ്ഥയും ഭിന്നമല്ല. ഈ സാഹചര്യത്തില്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡര്‍ബന്‍ സമ്മേളനത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ തരമില്ല.
ബെയ്‌ജിംഗ്: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ് സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു. ലിയോണിംഗ് പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ് അടച്ചുപൂട്ടിയത്. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ് ഈ ഫാക്ടറിയില്‍ ഉത്‌പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക് ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.
ലഡാക്ക് : ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ നാശ നഷ്ടം സംഭവിച്ച ദ്രുക്ക് സ്ക്കൂളില്‍ വീണ്ടും കുട്ടികള്‍ എത്തി. കുട്ടികളും സന്നദ്ധ സേവകരും ചേര്‍ന്ന് തകര്‍ന്ന സ്ക്കൂള്‍ കെട്ടിടത്തില്‍ നിന്നും സാധന സാമഗ്രികള്‍ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലികമായി സ്ക്കൂളില്‍ പഠനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു വരികയാണ്.