ലഡാക്ക് : ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ നാശ നഷ്ടം സംഭവിച്ച ദ്രുക്ക് സ്ക്കൂളില്‍ വീണ്ടും കുട്ടികള്‍ എത്തി. കുട്ടികളും സന്നദ്ധ സേവകരും ചേര്‍ന്ന് തകര്‍ന്ന സ്ക്കൂള്‍ കെട്ടിടത്തില്‍ നിന്നും സാധന സാമഗ്രികള്‍ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലികമായി സ്ക്കൂളില്‍ പഠനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു വരികയാണ്.
പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉദാത്തമായ മാതൃകയായ ഈ കെട്ടിടം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുന്നോട്ട് വന്നിരുന്നു.
അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ ഈ സ്ക്കൂള്‍ സിനിമയിലെ അമീര്‍ ഖാന്റെ കഥാപാത്രമായ “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
സ്ക്കൂള്‍ പുനര്‍ നിര്‍മ്മാണത്തിന് സഹായവുമായി അമീര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട് എന്ന് സൂചനയുണ്ട്.
ലഡാക്കിന്റെ പരമ്പരാഗത സംസ്കാരവും ബുദ്ധ മത തത്വ ശാസ്ത്രവും ഇണക്കി ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ദ്രുക്ക്പ ബുദ്ധിസ്റ്റ് സമൂഹത്തിനു വേണ്ടി ദ്രുക്ക് കാര്‍പോ എഡുക്കേഷ്യനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്രുക്ക് ട്രസ്റ്റ് നിര്‍മ്മിച്ച ദ്രുക്ക് വൈറ്റ് ലോട്ടസ് സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി ചെക്കുകള്‍ CEC Relief Fund, അക്കൌണ്ട് നമ്പര്‍ CG-128, J&K ബാങ്ക് എന്ന വിലാസത്തില്‍ അയക്കണം എന്ന് ലഡാക്ക് സ്വയംഭരണ മല വികസന കൌണ്‍സില്‍ അറിയിക്കുന്നു.
ചെക്കുകള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്:
Coordination Cell,
Office of the Chief Executive Councillor,
Ladakh Autonomous Hill Development Council,
Leh, Ladakh – 194101, India
www.jkbank.net എന്ന ബാങ്ക് വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, campaigns, climate, eco-friendly