ആണവ പുനര്‍ സംസ്കരണ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചു

August 4th, 2010

nuclear-waste-disposal-epathram

ഇന്ത്യ കഴിഞ്ഞയാഴ്ച അമേരിക്കയുമായി ആണവ ഇന്ധന പുനര്‍ സംസ്കരണ കരാറില്‍ ഒപ്പ് വെച്ചു. അധികമാരും ഇത് അറിഞ്ഞില്ല. പത്രങ്ങളില്‍ അച്ചടിച്ച്‌ വന്നിരുന്നു. ഇങ്ങനെ എത്ര കരാറുകള്‍ ഒപ്പിടുന്നു. എന്തൊക്കെ ബഹളങ്ങള്‍ നടക്കുന്നു. ബഹളങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കരാറും ഒപ്പിട്ടു പ്രജാപതി സുഖമായി കാര്യം സാധിക്കുന്നു. ജനം അത് സന്തോഷത്തോടെ വിഴുങ്ങുന്നു. വികസനമല്ലേ…? എതിര്‍ത്ത്‌ എന്തെങ്കിലും പറഞ്ഞാല്‍ വികസന വിരുദ്ധനായി മുദ്ര കുത്തിയാലോ? കിട്ടിയത്‌ എന്തായാലും അതും വിഴുങ്ങി മിണ്ടാതിരിക്കാം.

123 കരാറിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ ബാന്ധവത്തില്‍ ഒരു സുപ്രധാന ചുവടു വെയ്പ്പാണിത് എന്നാണു നയതന്ത്ര മന്ത്രം. 123 കരാറിനു ശേഷം ഈ കരാര്‍ ഇന്ത്യയെ കൊണ്ട് ഒപ്പിടുവിക്കുവാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്ന സമയത്തിന് എത്രയോ മുന്‍പേ തന്നെ ഇത് ഇന്ത്യയെ കൊണ്ട് സമ്മതിപ്പിക്കുവാനും ഒപ്പിടുവിക്കുവാനും കഴിഞ്ഞത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേട്ടമായി പ്രഖ്യാപിച്ചു കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍.

ഇത്രയേറെ തിടുക്കത്തില്‍ ഒപ്പിട്ട ഈ കരാര്‍ എന്താണെന്നതിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കടക്കം. ആണവ പുനര്സംസ്കരണത്തെ കുറിച്ച് ഇന്ത്യന്‍ ആണവ ഗവേഷണത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ശാസ്ത്രജ്ഞനുമായി e പത്രം ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ആണവ നിലയത്തില്‍ ഉപയോഗിക്കപ്പെടുന്ന യുറാനിയം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതിനു ശേഷം അതിന്റെ രൂപം മാറി മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും ഉപയോഗ യോഗ്യമായ മറ്റ് പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിനെയാണ് ആണവ പുനര്‍സംസ്കരണം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഏറെ വിലപിടിപ്പുള്ളതാണ്. കാരണം ഇതാണ് ആണവ ബോംബ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഫുട്ബോളിന്റെ പകുതിയോളം പ്ലൂട്ടോണിയം നിങ്ങളുടെ മേശപ്പുറത്ത് വെച്ച് പതുക്കെ ഒന്ന് കൈ കൊണ്ട് അമര്‍ത്തിയാല്‍ നിങ്ങള്‍ ഇരിക്കുന്ന രാജ്യവും അതിനടുത്ത ഏതാനും രാജ്യങ്ങളും ഞൊടിയിടയില്‍ ഇല്ലാതാവും.

ഇത്തരം ആണവ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു ക്രിറ്റിക്കല്‍ മാസ് ഉണ്ട്. ക്രിറ്റിക്കല്‍ മാസിന്റെ അത്രയും ഭാരം ഒരുമിച്ചു വന്നാല്‍ ആണവ പ്രതിപ്രവര്‍ത്തനം ഇത് സ്വമേധയാ ആരംഭിക്കും. ഇതിനാല്‍ ഈ പദാര്‍ഥങ്ങള്‍ എപ്പോഴും ഇതിന്റെ ക്രിറ്റിക്കല്‍ മാസിനേക്കാള്‍ കുറഞ്ഞ അളവിലാണ് സൂക്ഷിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ ക്രിറ്റിക്കല്‍ മാസ് ഏതാണ്ട് 10 കിലോയില്‍ താഴെയാണ്. ഘനമേറിയ വസ്തുവായതിനാല്‍ ഇതിന് ഒരു ഫുട്ബോളിന്റെ പകുതി വലിപ്പമേ കാണൂ. ഒരു ബോംബില്‍ ഇത് ചെറിയ ചെറിയ അറകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. ഈ ബോംബ്‌ പൊട്ടിക്കാന്‍ ചെറിയ ഒരു മര്‍ദ്ദം കൊണ്ട് ഈ അറകളെ തകര്‍ത്തു പ്ലൂട്ടോണിയത്തെ അതിന്റെ ക്രിറ്റിക്കല്‍ മാസ് ആകുന്ന അളവില്‍ ഒരുമിച്ചു കൊണ്ട് വന്നാല്‍ മാത്രം മതി. നേരത്തെ സൂചിപ്പിച്ചത്‌ പോലെ, ഭൂഗോളത്തില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗം ഒന്നാകെ നശിക്കും ഈ സ്ഫോടനത്തില്‍.

പ്ലൂട്ടോണിയം ഒരു കടുത്ത വിഷവും കൂടിയാണ്. ഇതിന്റെ ലക്ഷത്തില്‍ ഒരംശം ശരീരത്തില്‍ കടന്നാല്‍ മനുഷ്യന് മാരകമാണ്. ഇതെല്ലാം കൊണ്ടാണ് പ്ലൂട്ടോണിയം അമൂല്യമാവുന്നത്, കാരണം ഒരല്‍പം പ്ലൂട്ടോണിയം കൈവശം ഉള്ളവന് ലോകത്തെ അടക്കി ഭരിക്കാം, ഭീകരത കൊണ്ട് വിറപ്പിക്കാം… ഭീകരത കൊണ്ട് വിറപ്പിക്കുന്നത് തന്നെയല്ലേ സാമ്രാജ്യത്വത്തിന്റെ സ്ഥായീ ഭാവം?…

ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ നശീകരണ സ്വഭാവം തന്നെ. പ്ലൂട്ടോണിയവുമായി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളും മലിനമാകുകയും ദ്രവിച്ചു നശിക്കുകയും ചെയ്യും. ഇതിനാല്‍ ഇത്തരത്തില്‍ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യ കൊണ്ടേ കഴിയൂ. ഈ ശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെന്നത് പോലെ തന്നെ പാക്കിസ്ഥാനും ഈ ശേഷിയുണ്ട് എന്ന് കൂടി നാം ഓര്‍ക്കണം.

എന്നാല്‍ ഇതിലും ഭീതിദമാണ് പുനര്സംസ്കരണം കഴിഞ്ഞതിനു ശേഷത്തെ കാര്യം. പുനര്സംസ്കരണം ചെയ്തെടുക്കുന്ന പ്ലൂട്ടോണിയത്തിന് ആവശ്യക്കാര്‍ ധാരാളം ഉള്ളതിനാല്‍ അത് ശ്രദ്ധാപൂര്‍വ്വം തന്നെ വേണ്ടവര്‍ കൈകാര്യം ചെയ്തു കൊണ്ട് പോവും എന്ന് കരുതാം. എന്നാല്‍ സംസ്കരണത്തിന് ശേഷം ബാക്കിയാവുന്ന ആണവ ചണ്ടി (nuclear waste) എന്ത് ചെയ്യും? ഇത് ചര്‍ച്ച ചെയ്യാന്‍ “പാടില്ലാത്ത” വിഷയമാണ്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും. “ആണവ രഹസ്യ നിയമം” പല തലങ്ങളില്‍ ഇത്തരം ചര്‍ച്ചകളെ നിയന്ത്രിക്കുകയും നിരുല്സാഹ പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ സ്റ്റേറ്റിന് സ്വന്തം താല്‍പര്യ സംരക്ഷണ ത്തിനായി ഉപയോഗിക്കാന്‍ ഉള്ളതാണ്. ഇത് ചോദ്യം ചെയ്യാനാവില്ല. രാജ്യ ദ്രോഹമാവും.

ഉപയോഗ ശൂന്യമായ ആണവ ചണ്ടി പിന്നെന്തു ചെയ്യും? ഈ ചോദ്യം പണ്ട് ഓ. വി. വിജയന്‍ ഡല്‍ഹിയില്‍ ആണവ ശാസ്ത്രജ്ഞരുടെ ഒരു വിരുന്നു സല്ക്കാര ത്തിനിടയില്‍ ഉന്നയിച്ചപ്പോള്‍ കൂസലില്ലാതെ മറുപടി വന്നു അത് ഭീകരാകാരമായ കൊണ്ക്രീറ്റ്‌ കട്ടകള്‍ക്കുള്ളിലെ അറയില്‍ അടക്കം ചെയ്തു ഭൂമിക്കടിയിലോ സമുദ്രത്തിന്റെ അടിത്തട്ടിലോ നിക്ഷേപിക്കും എന്ന്. ഈ കൊണ്ക്രീറ്റ്‌ കട്ട എത്ര നാള്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് അത് കുറേക്കാലം നിലനില്‍ക്കും എന്ന് മാത്രമായിരുന്നു മറുപടി.

nuclear-waste-dumping-epathram

കൊളറാഡോയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള ചണ്ടി കുഴിച്ചിടാനായി ഇഡാഹോയിലെ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഭൂമിക്കടിയില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും കുഴിച്ചിട്ട ചണ്ടിയില്‍ നിന്നുമുള്ള മലിനീകരണം ഇഡാഹോയിലെ 300000 ത്തോളം വരുന്ന ജനത്തിന്റെ കുടിവെള്ളത്തിലും കലര്‍ന്നതായി കണ്ടെത്തി.

ചില പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കയിലെ നാടുവാഴികളെ സ്വാധീനിച്ചു അവിടെ ആണവ ചണ്ടി കൊണ്ക്രീറ്റ്‌ കട്ടകളിലാക്കി കുഴിച്ചിടാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു സ്ഥിരീകരണ മൊന്നുമില്ലെങ്കിലും സാധ്യത തള്ളി ക്കളയാനുമാവില്ല.

കടലില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ പ്രചാരമുള്ള രീതി. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സമുദ്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതിരോധിച്ചപ്പോള്‍ അതിനെ അടിച്ചമര്ത്താനാണ് പ്രതിരോധിച്ചവരെ കടല്‍ കൊള്ളക്കാര്‍ എന്ന് മുദ്ര കുത്തിയത് എന്നൊരു വാദവും സോമാലിയയിലെ കടല്‍ കൊള്ളക്കാരെ കുറിച്ചുണ്ട്. ഇങ്ങനെ നിയമ വിരുദ്ധരാക്ക പ്പെട്ടവരാണത്രേ ഇപ്പോഴത്തെ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ആണവ ചണ്ടി എത്ര നാള്‍ അതിന്റെ വീര്യം നിലനിര്‍ത്തും എന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി പ്രവചിക്കാനാവും. എന്നാല്‍ ഇത് അടക്കം ചെയ്തിരിക്കുന്ന കൊണ്ക്രീറ്റ്‌ എത്ര നാള്‍ അതിന്റെ ബലം നിലനിര്‍ത്തും എന്ന് ആര്‍ക്കും പറയാനാവില്ല. ഇതാണ് ഇതിന്റെ അപകടവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുക

July 4th, 2010

no-plastic-bags-epathramതിരുവനന്തപുരം : ലോകമെമ്പാടും അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം ആചരിച്ചപ്പോള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും അതില്‍ പങ്കു ചേര്‍ന്നു. “തണല്‍”, “സീറോ വെയിസ്റ്റ്‌ സെന്റര്‍” എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിസ്ഥിതി സംഘങ്ങളും പരിസ്ഥിതി സ്നേഹികളും നഗരത്തില്‍ ഒത്തു കൂടി ഈ ദിനാചരണത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കടലാസു സഞ്ചികള്‍, തുണി സഞ്ചികള്‍ എന്നിങ്ങനെയുള്ള പരിസ്ഥിതി സൌഹൃദ സാമഗ്രികള്‍ ഇവര്‍ കൂട്ടായ്മയില്‍ പ്രദര്‍ശിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സുലഭമായി ലഭ്യമാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകൃതി ദത്തമായ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചികള്‍ പ്രചാരത്തില്‍ വരണമെങ്കില്‍ ആദ്യം പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം. ഇത്തരം സഞ്ചികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്‌. ഇത് പ്രാദേശികമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.

പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഭൂ പ്രദേശത്തെയാകെ ബാധിച്ചിരിക്കുന്നു. മരുഭൂമികള്‍ മുതല്‍ ആഴക്കടലുകളില്‍ വരെ പ്ലാസ്റ്റിക് നിറഞ്ഞിരിക്കുന്നു. മണ്ണിലും ജലത്തിലും മാത്രമല്ല, ജീവജാലങ്ങളുടെ കുടല്‍ മാലയില്‍ വരെ പ്ലാസ്റ്റിക് നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വരെ ഭീഷണിയാണ്.

cow-eating-plastic-epathram

വിനയറിയാതെ പ്ലാസ്റ്റിക് സഞ്ചി ചവച്ചിറക്കുന്ന പശു

പ്ലാസ്റ്റിക് സഞ്ചികള്‍ തുണി, തുകല്‍, മണ്ണ്, മുള, മരം, കയര്‍, ചണ എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത പ്രകൃതി സൌഹൃദ വസ്തുക്കളെ പുറംതള്ളി. ഇതോടൊപ്പം ഈ രംഗത്ത്‌ പ്രവര്‍ത്തിച്ചു ഉപജീവനം കഴിച്ചു പോന്ന ഒട്ടേറെ താഴ്ന്ന വരുമാനക്കാരെയും.

ഇരുപതു ലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് സഞ്ചിയുടെ ഉപഭോഗ നിരക്ക് പ്രതി നിമിഷം 10 ലക്ഷം സഞ്ചികളാണ്. ഈ ലോകത്ത് ഒരാള്‍ ഒരു വര്ഷം കൊണ്ട് 150 സഞ്ചികള്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യയും ഈ കാര്യത്തില്‍ ലോകത്തിനൊപ്പമാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് സഞ്ചി ഉപയോഗവും 150 തന്നെ.

ഓടകളിലും ഓവുചാലുകളിലും നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. മഴവെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന ഈ മാലിന്യങ്ങള്‍ കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും വളര്‍ച്ചയ്ക്കും പകര്ച്ചയ്ക്കും അനുകൂലമായ സാഹചര്യം ഒരുക്കി കേരളത്തില്‍ പകര്‍ച്ചപ്പനി ഒരു വാര്‍ഷിക വിപത്ത് തന്നെയാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം

July 3rd, 2010

plastic-bag-free-day-epathramപ്ലാസ്റ്റിക് സഞ്ചികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളര്‍ത്താന്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ന് (ജൂലൈ 3) അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് സഞ്ചിയും മറ്റ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന സാധനങ്ങളുടെയും അമിത ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങള്‍ നിത്യ ജീവിതത്തില്‍ കൈക്കൊണ്ട് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു സമൂഹം കേട്ടിപ്പടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. സ്പെയിനില്‍ നിന്നും ഉല്‍ഭവിച്ച ഈ ആശയത്തോട് അനുകൂലിച്ചു ഈ ദിനം ആചരിക്കാന്‍ ലോകമെമ്പാടും നിന്നുമുള്ള അനേകം സംഘടനകളും വ്യക്തികളും പങ്കു ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

June 17th, 2010

brown-pelicanവാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ മലിനീകരണമായി അറിയപ്പെടുന്ന ഡീപ് വാട്ടര്‍ ഹൊറായ്സന്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക്‌ പരിഹാരമായും പാരിസ്ഥിതിക മലിനീകരണം പരിഹരിക്കുന്നതിനും, ബാധിത പ്രദേശങ്ങള്‍ വെടിപ്പാക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ചൊവ്വാഴ്ച ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടീഷ്‌ പെട്രോളിയം 20 ബില്യന്‍ ഡോളര്‍ നല്‍കും എന്ന് അറിയിച്ചു. ഒബാമ ആവശ്യപ്പെട്ടത് പോലെ ഈ തുക കമ്പനി ആയിരിക്കില്ല കൈകാര്യം ചെയ്യുക. ഇടക്കാലാശ്വാസമായി നല്‍കാം എന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്ന പണം തങ്ങള്‍ക്കു വേണ്ടവണ്ണം ലഭിക്കുന്നില്ല എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ പ്രസിഡണ്ടിനോട് സ്ഥലവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓവല്‍ ഓഫീസില്‍ നിന്നുമുള്ള തന്റെ ചരിത്ര പ്രധാന ടെലിവിഷന്‍ പ്രസംഗത്തില്‍ ഒബാമ നഷ്ടപരിഹാര ഫണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് ഇന്നലെ ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനി ചെയര്‍മാന്‍ കാള്‍ ഹെന്‍റിക് സ്വാന്‍ബെര്‍ഗ് അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ഈ തുകയില്‍ നില്‍ക്കില്ല കാര്യങ്ങള്‍ എന്നാണു അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് വെറും താല്‍ക്കാലികമായ ഒരാശ്വാസത്തിന് മാത്രമേ ഉതകുകയുള്ളു എന്നും ഇവര്‍ പറയുന്നു.

15000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5 ലക്ഷത്തിലധികം പേരെയെങ്കിലും ബാധിച്ചതുമായ ഭോപ്പാല്‍ ദുരന്തത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനിയുമായി വില പേശി നേടിയത് വെറും 470 മില്യന്‍ ഡോളറാണ്. അത് തന്നെ കൂടുതലാണെന്നായിരുന്നു നമ്മുടെ കോടതിയുടെ നിരീക്ഷണം. ബി.പി. അമേരിക്കയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 20 ബില്യന്‍ ഡോളര്‍ ഭോപ്പാലില്‍ നമുക്ക്‌ ലഭിച്ച തുകയുടെ 44 ഇരട്ടിയാണ് എന്നത് ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. കാരണം ഉറക്കം നടിക്കുന്നവനെ ഉണര്ത്താനാവില്ലല്ലോ.

എണ്ണയില്‍ കുതിര്‍ന്ന ഇരുപത് പക്ഷികളെയാണ് തീര പ്രദേശത്തെ പാറക്കെട്ടുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇവയെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു വൃത്തിയാക്കുകയും വേണ്ട ചികില്‍സകള്‍ നല്‍കുകയും ചെയ്തു. അഞ്ചു പക്ഷികളെ കൂടുതല്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച രണ്ടു പക്ഷികളെ സ്വതന്ത്രരാക്കി വിട്ടു. ബാക്കിയുള്ളവ സുഖം പ്രാപിച്ചു വരുന്നു…

ഇതൊക്കെയാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. മുകളിലെ ചിത്രത്തില്‍ കാണുന്ന ബ്രൌണ്‍ പെലിക്കന്‍ ഇത്തരത്തില്‍ സുഖം പ്രാപിച്ചു സ്വതന്ത്രയാക്കപ്പെട്ട ഒരു പക്ഷിയാണ്.

ഈ ചോര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായത് പാരിസ്ഥിതിക നഷ്ടമാണ്. പ്രദേശത്തെ മല്‍സ്യങ്ങളെയും സമുദ്ര ജീവികളെയും മറ്റ് വന്യ ജീവി സങ്കേതങ്ങളെയും ആവാസ വ്യവസ്ഥകളെയുമാണ് എണ്ണ ചോര്‍ച്ച ബാധിച്ചത്. തീര പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര വ്യവസായവും, മത്സ്യബന്ധനവും തടസ്സപ്പെടുകയും ചെയ്തു. ഇതുമായി താരതമ്യം പോലും ചെയ്യാനാവാത്തത്രയും ഭീകരമായ ദുരന്തമായിരുന്നു ഭോപ്പാലിലേത് എന്ന് നാം മറക്കരുത്.

bhopal-victims

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇഫെക്റ്റ്‌

June 16th, 2010

nuclear-accidentന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്‌.

ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് മാത്രമല്ല, ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കും ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഉണ്ടാവണം എന്നാണു സര്‍ക്കാര്‍ തീരുമാനം.

ഈ അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതായി ആണവ ഊര്‍ജ വകുപ്പ്‌ സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി കഴിഞ്ഞ യോഗത്തില്‍ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശം ഇന്നലെ ഏറെ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഈ വ്യവസ്ഥ പ്രകാരം ഒരു ആണവ അപകടം ഉണ്ടായാല്‍ ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് അതിനിടയാക്കിയ ഉപകരണത്തിന്റെ തകരാറോ അതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായവരുടെ അനാസ്ഥയോ അശ്രദ്ധയോ ചൂണ്ടിക്കാട്ടി ഉപകരണ നിര്‍മ്മാതാവിനെയും വിതരനക്കാരനെയും പ്രതി ചേര്‍ത്ത് നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും. ഈ വ്യവസ്ഥയാണ് ബാനര്‍ജി നീക്കം ചെയ്യാന്‍ ശ്രമിച്ചത്‌. അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്തത് എന്ന് കഴിഞ്ഞ യോഗത്തിന് ശേഷം ഇടതു കക്ഷികളും ബി. ജെ. പി. യും ആരോപണം ഉന്നയിച്ചിരുന്നു.

ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിച്ചത്.

അപകടമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയെ കുറിച്ചുള്ള വിവാദം ഇപ്പോഴും നില നില്‍ക്കുന്നു. ഈ ബാദ്ധ്യത കേവലം 500 കോടിയായി പരിമിതപ്പെടുത്തുന്നുണ്ട് ഈ കരാര്‍. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണം. ഇത് പരിഹാസ്യമായ അമേരിക്കന്‍ വിധേയത്വമാണ്. നഷ്ടപരിഹാര തുക അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അപകടം ഉണ്ടായ ശേഷം ലഭിക്കുന്ന നഷ്ട പരിഹാരത്തെ പറ്റിയും, അപകടത്തിന്റെ ഉത്തരവാദികളെ പറ്റിയും മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ആണവ ഊര്‍ജം പോലൊരു വിനാശകാരിയും, സുരക്ഷിതത്വത്തെ പറ്റി ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്തതുമായ ഒരു ഊര്‍ജ സ്രോതസ്സ് നമുക്ക്‌ വേണമോ എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നേയില്ല. നമ്മുടെയും, നമ്മുടെ ഭാവി തലമുറയുടെയും, ആരോഗ്യകരമായ നിലനില്‍പ്പിന്റെ പ്രശ്നമാണിത് എന്ന് മനസ്സിലാക്കിയാല്‍ എത്ര വൈകിയാലും ഇത് തടയാന്‍ ശ്രമിയ്ക്കുന്നത് വൃഥാ ആവില്ല എന്ന് ബോധ്യം വരും. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങള്‍ എല്ലാം എന്നത് നമ്മുടെ ദൈന്യതയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

7 of 9« First...678...Last »

« Previous Page« Previous « മഴയറിയാന്‍ പ്രകൃതിയമ്മ യോടൊപ്പം ഒരു യാത്ര
Next »Next Page » എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010