ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

August 31st, 2010

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഒരു അടഞ്ഞ അദ്ധ്യായം എന്ന് അമേരിക്ക

August 20th, 2010

warren-andersonവാഷിംഗ്ടണ്‍ : ഭോപ്പാല്‍ വാതക ദുരന്തം ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപ ഉപദേശകന്‍ മൈക്ക്‌ ഫ്രോമാന്‍ പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഭോപ്പാല്‍ ദുരന്ത കേസ്‌ നിയമപരമായി അവസാനിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇദ്ദേഹം പിന്നീട് വ്യക്തമാക്കി.

1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകം 15,000 തിലേറെ പേരുടെ മരണത്തിനാണ് ഇടയാക്കിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

ഗോത്രങ്ങളുടെ അനുമതിയോടെ വേദാന്തയ്ക്ക് ഖനനം തുടരാം

August 17th, 2010

vedanta-avatar-protest-epathram

ഒറീസയിലെ നിയമഗിരി മലകളില്‍ ബോക്സൈറ്റ്‌ ഖനനം നടത്തി വന്‍ തോതിലുള്ള പരിസ്ഥിതി വിപത്ത്‌ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോഴ്സസിനു പ്രദേശത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ അനുമതി ഉണ്ടെങ്കില്‍ ഖനനം തുടരാം എന്ന് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ വ്യക്തമാക്കി. ദേശീയ ഉപദേശക സമിതി അംഗം എന്‍. സി. സക്സേന നയിക്കുന്ന സമിതി കലഹണ്ടി ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന വന അവകാശ നിയമത്തിന്റെ ലംഘനങ്ങളെ പറ്റി പഠനം നടത്തിയ ശേഷമാണ് ഈ നിലപാട്‌ അറിയിച്ചത്.

niyamagiri-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

കുട്ടിയ, ഡോംഗരിയ കോന്ധ് എന്നീ പ്രദേശത്തെ രണ്ടു പ്രമുഖ ഗോത്രങ്ങളുടെ അനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ഇവിടത്തെ ജനങ്ങളുടെ ഇടയില്‍ രാജ്യത്തെ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്ന കണ്ടെത്തലാണ് സമിതിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ഇവിടെ നടക്കുന്ന പരിസ്ഥിതി നാശമല്ല.

vedanta-bauxite-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് നടത്തി വരികയാണ്. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതി ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിട്ടുണ്ട്. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

destruction-in-niyamagiri-epathram

നിയമഗിരിയിലെ പരിസ്ഥിതി നാശം

എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്.

vedanta-alumina-hazard-epathram

അലുമിന ശുദ്ധീകരണശാലയില്‍ നിന്നുമുള്ള മലിനീകരണം മൂലം ചര്‍മ്മ രോഗം പിടിപെട്ട സ്ഥലവാസി

മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്.

alumina-pollution-victim-epathram

മലിനീകരണത്തിന്റെ ഇരയായ ഒരു കുട്ടി

വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും.

സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ്.

വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്ന് കരുതപ്പെടുന്നു.

ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍‌ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം.

തങ്ങളുടെ ലക്ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

“മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍‌മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുകയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്.

വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍‌വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍‌ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍‌ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തുന്നു.

26,000 ത്തിലേറെ ഹെക്ടര്‍ ഭൂമി കമ്പനി അനധികൃതമായി ഇവിടെ കൈവശപ്പെടുത്തി യിട്ടുണ്ട് എന്നാണു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഒറീസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കമ്പനിയ്ക്ക് വേണ്ടി അഴിമതി നടത്തിയതായും സമിതി കണ്ടെത്തി. വ്യാജ രേഖകള്‍ ചമച്ച് ഒട്ടേറെ ഭൂമി കമ്പനിയ്ക്ക് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറീസ സര്‍ക്കാര്‍ ഇവിടെ വന അവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും എന്ന് കരുതാന്‍ കഴിയില്ല എന്ന് സമിതി വ്യക്തമാക്കി. അതിനാല്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ മേല്‍നോട്ടം ഈ കാര്യത്തില്‍ ആവശ്യമാണ്‌ എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഇവിടെ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് മാത്രമല്ല, തദ്ദേശ വാസികളുടെ പരമ്പരാഗത ജീവിത മാര്‍ഗ്ഗത്തിന് തടസ്സവുമാവും. ഇവിടെ നടക്കുന്ന റോഡ്‌ നിര്‍മ്മാണം ഈ വനങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കും യഥേഷ്ടം പ്രവേശിക്കാനുള്ള വഴി തുറന്നു കൊടുത്ത് ഇവിടത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കും എന്നും സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം

August 10th, 2010

sushma-swaraj-epathramന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്ലിനെ പറ്റി പഠിക്കുന്ന പാര്‍ലമെന്റ്‌ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ബി. ജെ. പി. വിയോജന കുറിപ്പ്‌ രേഖപ്പെടുത്തും എന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു. ഭാവിയില്‍ ആണവ നിലയങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്കു ഇതു വരെ മറുപടി ലഭിച്ചിട്ടില്ല. “ആണവ ഊര്‍ജ്ജ ആക്റ്റ്‌” സ്വകാര്യ കമ്പനികളെ വിലക്കുന്നുണ്ട്. എങ്കില്‍ പിന്നെ ആണവ ബാദ്ധ്യതാ ബില്‍ ഈ കാര്യം വ്യക്തമാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് സുഷമ ചോദിക്കുന്നു.

സ്വകാര്യ കമ്പനികളെ ആണവ നിലയങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു ആണവ ബാദ്ധ്യതാ ബില്ലിന്റെ ആവശ്യമേയില്ല എന്നാണ് ബി. ജെ. പി. ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ആണവ നിലയങ്ങളില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയായിരിക്കും എന്നിരിക്കെ ആണവ ബാദ്ധ്യതാ ബില്ലിന്റെ പ്രസക്തി സംശയാസ്പദമാണ്.

ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരിഹാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മീഷന്‍ സംഘടിപ്പിക്കണമെന്നും അന്താരാഷ്‌ട്ര തലത്തില്‍ ആണവ അപകടങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാക്കുന്ന നിയമ വ്യവസ്ഥ ഉറപ്പാക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. മലിനീകരണം നടത്തുന്ന കക്ഷി നഷ്ട പരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ എന്നിരിക്കെ നിലയം നടത്തുന്ന കക്ഷി തന്നെ മലിനീകരണത്തിന്റെ മുഴുവന്‍ ബാദ്ധ്യതയും ഏറ്റെടുക്കണം. സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത്‌ വരുമോ എന്ന ചോദ്യത്തിനു സര്‍ക്കാര്‍ ഉത്തരം നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 9« First...567...Last »

« Previous Page« Previous « 240,000 ജീവന്‍ വിലയുള്ള ഒരു പരീക്ഷണം
Next »Next Page » 3 ഇഡിയറ്റ്സിലെ സ്ക്കൂള്‍ നശിച്ചു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010