ദുബായ് : യു.എ.ഇ. യിലെ ഒട്ടകങ്ങളില്‍ 50 ശതമാനവും കൊല്ലപ്പെടുന്നത് പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലമാണ് എന്നാണ് കണ്ടെത്തല്‍. ഉപയോഗിച്ച ശേഷം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ മരുഭൂമിയില്‍ എത്തുകയും, ഭക്ഷണത്തിന്റെ മണമുള്ള ഈ സഞ്ചികള്‍ ഒട്ടകങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ദഹിക്കാന്‍ കഴിയാതെ ഒട്ടകത്തിന്റെ ആമാശയത്തില്‍ ഇവ അടിഞ്ഞ് കൂടുകയും കട്ടിയാവുകയും ചെയ്യും. 60 കിലോഗ്രാം വരെ ഭാരമുള്ള ഇത്തരം പ്ലാസ്റ്റിക് കട്ടകള്‍ ഒട്ടകത്തിന്റെ വിശപ്പ് കെടുത്തുകയും ഭക്ഷണം കഴിക്കാനാകാതെ വേദനാ ജനകമായ ഒരു അന്ത്യത്തിന് വഴി വെയ്ക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് തിന്നുന്ന ഒട്ടകങ്ങള്‍
പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ് വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. മരുഭൂമികള്‍ മലിനീകരണ വിമുക്ത മാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി, eപത്രം പരിസ്ഥിതി ക്ലബ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്, ഇമാരത്ത് 4×4 ഓഫ്റോഡ് ക്ലബ് എന്നിവയുമായി ചേര്‍ന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മരുഭൂമി വൃത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ഇക്കോ സഫാരി സംഘടിപ്പിക്കുന്നു.
ഇമാരത്ത് 4×4 ഓഫ് റോഡ് ക്ലബ് മാര്‍ഷലുകള്‍ മരുഭൂമിയില്‍
മാര്‍ച്ച് 18 വെള്ളിയാഴ്ച രാവിലെ 07:30 മുതല്‍ 10:30 വരെ ദുബായിലെ അല്‍ അവീര്‍ മരുഭൂമിയിലാണ് ഈ പരിസ്ഥിതി സഫാരി സംഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ഡെസേര്‍ട്ട് സഫാരികളില്‍ നിന്നും വിഭിന്നമായ ഈ സഫാരിയില്‍ അര്‍ദ്ധ നഗ്നയായി ബെല്ലി നൃത്തം ചെയ്യുന്ന നര്ത്തകരുണ്ടാവില്ല.
ബെല്ലി നൃത്തം
പകരം ഇമാരത്ത് 4×4 ഓഫ് റോഡ് ക്ലബ്ബിന്റെ സമര്‍ത്ഥരായ മാര്‍ഷല്‍മാരും, ദുബായ് മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ് ട്രക്കുകളും, ഷട്ടര്‍ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ഫോട്ടോഗ്രാഫര്‍മാരും, e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പിന്നെ ഈ ഉദ്യമത്തില്‍ ആവേശത്തോടെ പങ്കെടുക്കുന്ന വിവിധ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ അംഗങ്ങളും, വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളും, പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഒട്ടേറെ പ്രകൃതി സ്നേഹികളും ആകും നിങ്ങളുടെ കൂടെ.
മരുഭൂമി വൃത്തിയാക്കുന്നു
നാം ജീവിക്കുന്ന നാടിനോടുള്ള സാമൂഹിക പ്രതിബദ്ധത നിറവേറ്റു ന്നതിനോടൊപ്പം ഏറെ രസകരവും ആവേശകരവുമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 050 7861269 എന്ന മൊബൈല്‍ നമ്പറിലോ, green അറ്റ് epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.