പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത 20 പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നു. വിളയോടി വേണുഗോപാലന്‍, കെ. സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി. കെ. വാസു. എന്‍. സുബ്രമണ്യന്‍, വി. സി. ജെന്നി, എന്‍. പി. ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി. എ. അശോകന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ. വി. ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ. എസ്., ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് വിയ്യൂര്‍ ജയിലിനകത്ത് നിരാഹാര സമരം നടത്തുന്നത്.
പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെച്ച നാല് ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു. പ്ലാച്ചിമടയുടെ ആവാസ വ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാ കമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുറത്തു പോവുക, പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാ കമ്പനിയെ കുറ്റവിചാരണ ചെയ്യുക. ജലം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമ സഭകള്‍ക്ക് നിയമ പരിരക്ഷയോടു കൂടിയ പരമാധികാരം നല്‍കുക, പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണ നിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇവര്‍ക്ക് പിന്തുണയേകി കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കലാ സാംസ്കാരിക സംഘടനകളും നിരാഹാര സമരങ്ങള്‍ നടത്തുന്നുണ്ട്.