എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടേത് എന്ന് കരുതുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബ്രസീല്‍ നാവിക സേനയും ഏയ്‌റോനോടികല്‍ കമാണ്ടും ഇന്നലെ നടത്തിയ തിരച്ചിലില്‍ ആണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എയര്‍ ഫ്രാന്‍സ് ടിക്കറ്റ് അടങ്ങിയ തുകല്‍ ബ്രീഫ് കേസും ഇതോടൊപ്പം കണ്ടെടുത്തു. വിമാനത്തിന്റെ എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളും ഇതോടൊപ്പം കിട്ടിയിട്ടുണ്ട് എന്നും സൈനിക അധികാരികള്‍ അറിയിച്ചു.
റിയോ ദെ ജനയ്റോയില്‍ നിന്ന് പാരിസിലേയ്ക്ക് പോകുകയായിരുന്ന ഈ വിമാനം തകരാന്‍ ഇടയായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതം ആണ് . എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
വിമാനം തകരും മുന്‍പ് വൈമാനികര്‍ അയച്ചതായ സന്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന വാദം വിശ്വസനീയം അല്ല എന്നാണ് ഫ്രഞ്ച് പൈലട്സ് യൂണിയന്‍ പറയുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇത് വരെയും കണ്ടെത്താത്ത സ്ഥിതിയ്ക്ക്, വിമാനം തകരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഉള്ള ദുരൂഹത തുടരുകയാണ് .
- ജെ.എസ്.