മെക്സിക്കോ സിറ്റി: വിഖ്യാത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്(76) അന്തരിച്ചു. മെക്സികോ സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭാര്യ മെഴ്സിഡസും, മക്കളായ റോഡ്രിഗോയും ഗോണ്‍സാലോസും മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏറെ വര്‍ഷങ്ങളായി അര്‍ബുദവും അൽഷിമേഴ്സും അദ്ദേഹത്തെ അലട്ടുവാന്‍ തുടങ്ങിയിട്ട്. അൽഷിമേഴ്സ് മൂലം 2012-ല്‍ എഴുത്തു നിര്‍ത്തി.
1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ആരാധകര്‍ ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമം പഠിച്ചു. പഠന കാലത്തു തന്നെ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു.
മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ ഭ്രമാത്മകമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു. മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, വര്‍ഗ്ഗത്തലവന്റെ ശിശിരം തുടങ്ങിയ കൃതികളും ധാരാളം വിറ്റഴിക്കപ്പെട്ടു. സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.
2002-ലാണ് ‘ലിവിങ് ടു ടെല്‍ ദ ടെയില്‍‘ എന്ന പേരില്‍ മാര്‍ക്വേസ് തന്റെ ആത്മ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം മൂലം അത് ഉപേക്ഷിച്ചു. 2004-ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മയേഴ്സ് ഓഫ് മെ മെലങ്കളി ഹോര്‍’ ആണ് അവസാനം പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇവരോടുള്ള അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത മാര്‍ക്വേസിന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വര്‍ഷങ്ങളോളം വിസ നിഷേധിക്കുകയുണ്ടായി. ക്യൂബന്‍ പ്രസിഡണ്ടായിരുന്ന ഫിദല്‍ കാസ്ട്രോയുമായി വളരെ അടുത്ത സൌഹൃദമാണ് മാര്‍ക്വേസിനുണ്ടായിരുന്നത്.
മലയാളി വായനക്കാര്‍ക്കും ഏറെ പ്രിയങ്കരനാണ് ഗാബോ. ഓ. വി. വിജയന്റേയും, വൈക്കം മുഹമ്മദ് ബഷീറിന്റേയും, എം.ടിയുടേയും കൃതികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഇദ്ദേഹത്തിന്റെ കൃതികള്‍ക്കും നല്‍കി. അതിനാല്‍ തന്നെ ഗാബോയുടെ വിടവാങ്ങല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കെന്ന പോലെ മലയാളി വായനാ സമൂഹത്തിനും വലിയ ഒരു വേദനയായി മാറി.