സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്ങിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച ബ്ളോഗർ റോയ് ഗേങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സർക്കാർ ആശുപത്രിയിൽ പേഷ്യന്റ് കോർഡിനേറ്റർ ആയിരുന്നു റോയ്. സിംഗപ്പൂർ പ്രധാനമന്ത്രി പെൻഷൻ ഫണ്ടിലെ തുക ക്രമവിരുദ്ധമായി കൈകാര്യം ചെയ്തു എന്ന് റോയ് “ദ ഹാർട്ട് ട്രൂത്ത്സ്” എന്ന തന്റെ ബ്ളോഗിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ലീ സിയൻ ലൂങ് റോയിക്കെതിരെ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ബ്ളോഗിലെ പരാമർശങ്ങളുടെ പേരിൽ നിയമ നടപടി നേരിടുന്ന ആദ്യത്തെ ബ്ളോഗറാണ് റോയ്.
തന്നെ പിരിച്ചു വിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് റോയ് ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പറഞ്ഞു
സർക്കാരിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ അമർച്ച ചെയ്യാൻ നിയമ നടപടികളും മറ്റും സ്വീകരിച്ചു വരുന്നത് ചൂണ്ടിക്കാണിച്ച് ലോകമെമ്പാടും നിന്നുമുള്ള മനുഷ്യാവകാശ സംഘടനകൾ സിംഗപ്പൂർ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
റോയ് നേരിടുന്ന കോടതി കേസിന്റെ ചിലവുകൾ വഹിക്കാനായി നടത്തിയ ധന ശേഖരണ യജ്ഞം ലക്ഷ്യമിട്ടിരുന്ന 70,000 ഡോളർ വെറുമ നാലു ദിവസം കൊണ്ടാണ് പൊതു ജന സംഭാവനകൾ കൊണ്ട് കവിഞ്ഞ് 91,000 ഡോളർ ആയത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എം. രവി. അറിയിക്കുന്നു.