ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് ഉദ്ഘാടന മഹാമഹം തുടങ്ങാനിരിക്കെ നേരത്തെ തുടങ്ങിയ ഫുട്ബോള്‍ മല്‍സരത്തില്‍ ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ അട്ടിമറിക്ക് തുടക്കമിട്ടു. ഹംഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് അട്ടിമറി നടന്നത്. 1996ലെ അറ്റ്‌ലാന്റാ ഗെയിംസിലും കരുത്തരായ ബ്രസീലിനെ ജപ്പാന്‍ അട്ടിമറിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.
വിങ്ബാക്ക് ജോര്‍ഡി ആല്‍ബ, മധ്യ നിരക്കാരന്‍ യുവാന്‍ മാട്ട എന്നിവര്‍ അടങ്ങിയ ശക്തമായ ടീമിനെ തന്നെയാണ് സ്പെയിന്‍ കളത്തിലിറക്കിയത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ സ്പെയിനിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 34-ാം മിനിറ്റില്‍ തക്കാഹിരോ ഒഗിഹാരയും ഓറ്റ്‌സുവും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ ഓറ്റ്‌സു തൊടുത്തു വിട്ട ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി. ഗിയക്ക് ഒന്നും ചെയ്യാന്‍ ആയില്ല.
കളിയില്‍ കൂടുതല്‍ സമയവും പന്ത് കയ്യിലുണ്ടായിരുന്നിട്ടും ജപ്പാന്റെ ആക്രമണാത്മക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്പെയിന്‍ ഗോള്‍മുഖം വിറച്ചു നിന്നു. ഓറ്റ്‌സു നല്‍കിയ ആഘാതത്തില്‍ നിന്ന് കര കയറാൻ ആകാതെ നിന്ന സ്പെയിനിന്റെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനെസിനു ലഭിച്ച ചുവപ്പ് കാര്‍ഡ് അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജപ്പാന്‍ തങ്ങളുടെ അട്ടിമറി പാരമ്പര്യം നിലനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു.
ഗ്ലാസ്‌ഗോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോണ്ടുറാസും ആഫ്രിക്കന്‍ ടീം മൊറോക്കോയും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.