സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.
കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.