ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.