കറാച്ചി: കറാച്ചിയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. പാകിസ്താന്റെ വാണിജ്യ നഗരമായ കറാച്ചിയില്‍ പോലീസ് വാന്‍ തടഞ്ഞുനിര്‍ത്തി ആറ് പോലീസുകാരെ വെടിവെച്ചുകൊന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു. കൊറാംഗിയിലെ ചക്രാ ഗോത്തില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ഒരുസംഘം ആളുകള്‍ പോലീസുകാര്‍ക്കുനേരേ ആക്രമണം നടത്തിയത്. വാന്‍ തടഞ്ഞുവെച്ച ശേഷം പോലീസുകാരെ പുറത്തിറക്കി വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചപ്പോള്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുത്താഹിദാ ക്വാമി മൂവ്‌മെന്റും അവാമി നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ, സാമുദായിക ഭിന്നതകളാണ് ഇവിടത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് .
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, പാക്കിസ്ഥാന്