വത്തിക്കാൻ സിറ്റി: കുട്ടികലെ ലൈംഗികമായി പീഡിപ്പിച്ച നാന്നൂറോളം വൈദികരെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തിരുവസ്ത്രം അഴിപ്പിച്ചു സ്ഥാനഭ്രഷ്ടരാക്കി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
2011, 2012 വർഷങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻപ് 2008, 2009ൽ ആദ്യമായി ഇത്തരം കണക്കുകൾ വത്തിക്കാൻ പുറത്ത് വിട്ടിരുന്നു. അന്നത്തെ വെളിപ്പെടുത്തലുകൾ അനുസരിച്ച് അന്ന് പുറത്തായ പുരോഹിതരുടെ എണ്ണം 171 ആയിരുന്നു. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. 2011ൽ ഇത്തരമൊരു വർദ്ധനവിന് എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും 2010ൽ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന കഥകളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് തന്നെയാകാം ഇതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.
ശതാബ്ദങ്ങളായി പുരോഹിതരുടെ പീഡനങ്ങൾ സഭയ്ക്ക് അകത്തു തന്നെ കൈകാര്യം ചെയ്യുകയും ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പീഡനത്തിന് ഇരയായവരെ വിലക്കുകയും ചെയ്യുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നതിനെ തുടർന്ന് സഭ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ചില വ്യവസ്ഥകൾ കൊണ്ടു വരുവാനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം കേസുകൾ എല്ലാം നേരിട്ട് വത്തിക്കാനിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥ 2001ൽ നിലവിൽ വന്നു. കുറ്റവാളികളെ സ്ഥലം മാറ്റുന്നതിനപ്പുറം സഭാ നിയമങ്ങൾ അനുസരിച്ച് സഭയ്ക്കകത്ത് പോലും ഇവരെ വിചാരണ ചെയ്യുകയോ ഇവരെ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അന്നത്തെ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ കണ്ടെത്തിയതിനെ തുടർന്ന് 2005ലാണ് ഇടവകകൾ ഇത്തരം കേസുകൾ ഔപചാരികമായി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്.
ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാൻ പ്രതിനിധി ഇത്തരമൊരു കണക്ക് ആദ്യമായി ഐക്യരാഷ്ട്ര സഭ മുൻപാകെ അവതരിപ്പിച്ചതും.
2005ൽ കുറ്റാരോപിതരായ 21 വൈദികർക്കെതിരെ സഭ വിചാരണ നടപടികൾ സ്വീകരിച്ചു. ഇതിന്റെ വിധി എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.
2006ൽ 362 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 43 വിചാരണകൾ നടന്നു.
365 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2007ൽ 23 വിചാരണകൾ മാത്രമാണ് നടന്നത്.
2008ൽ അമേരിക്ക സന്ദർശിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അവിടെ നടക്കുന്ന പീഡന കഥകൾ നേരിട്ട് മനസ്സിലാക്കി. അവിടെ നടക്കുന്ന പീഡനത്തിന്റെ തോത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രതികരിച്ച മാർപ്പാപ്പ, പുരോഹിതന്മാർക്ക് എങ്ങനെയാണ് ഇത്രയും അധഃപതിക്കാൻ കഴിയുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് പറയുകയുണ്ടായി.
ഇതോടെ വത്തിക്കാന്റെ നിലപാടില സാരമായ മാറ്റം വന്നു. ഇരകൾ പോലീസിൽ പരാതിപ്പെടുന്നത് ഒരു കാരണവശാലും തടയരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇതേ വർഷം തന്നെ മറ്റൊരു പുതിയ തുടക്കവും ഉണ്ടായി. പീഡന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട പുരോഹിതന്മാരുടെ സംഖ്യ ആദ്യമായി വത്തിക്കാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. ആ വർഷം 68 പുരോഹിതന്മാരുടെ ളോഹയാണ് അഴിപ്പിച്ചത്.
2009ൽ ഈ സംഖ്യ 103 ആയി ഉയർന്നു. 2010 പീഡന കഥകളുടെ ചരിത്രത്തിൽ അവിസ്മരണീയമാണ്. ആയിരക്കണക്കിന് പീഡന കേസുകളാണ് ലോകമെമ്പാടും നിന്ന് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്ന് ആരോപണ വിധേയരായ വൈദികരെ സത്വരമായി സ്ഥാന ഭ്രഷ്ടരാക്കുന്നതിനുള്ള പുതിയ നിയമ നിർമ്മാണങ്ങൾ സഭ നടപ്പിലാക്കി.
പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ 2011ൽ 260 വൈദികർക്ക് സ്ഥാനം നഷ്ടമായി. 404 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പട്ടത്. സ്ഥാനം നഷ്ടപ്പെട്ട വൈദികർക്ക് പുറമെ ഇതേ വർഷം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ 419 വൈദികർക്ക് എതിരെ മറ്റ് ലഘു ശിക്ഷാ നടപടികളും സഭ സ്വീകരിച്ചു.
418 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2012ൽ 124 വൈദികരെ സഭ പുറത്താക്കി എന്നും ഇപ്പോൾ പുറത്തു വന്ന രേഖകൾ വെളിപ്പെടുത്തുന്നു.