ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.