കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെ ഉണ്ടായ ഭൂചലനത്തിൽ 1800 ലേറെ പേർ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം വൻ നാശ നഷ്ടങ്ങളാണ് വരുത്തി വെച്ചത്. വീടുകൾ, കെട്ടിടങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ എന്നിവ തകർന്നു നിലംപരിശായി.
ഭൂചലനത്തെ തുടർന്ന് എവറെസ്റ്റ് കൊടുമുടിയിൽ മഞ്ഞിടിച്ചിൽ ഉണ്ടായതിൽ ഒട്ടേറെ ടൂറിസ്റ്റുകളും പർവ്വതാരോഹകരും കുടുങ്ങി പോയി. 18 പേരെങ്കിലും ഇവിടെ മരിച്ചതായി സൂചനയുണ്ട്. അനേകം പേർ പർവ്വത ശിഖരങ്ങളിൽ മഞ്ഞിനടിയിലും മറ്റും പെട്ട് കുടുങ്ങി കിടക്കുകയും ചെയ്യുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഏറെ ദുഷ്ക്കരമാണ്.
ഇന്ത്യാ ചൈന അതിർത്തി രാജ്യമായ നേപ്പാളിൽ കഴിഞ്ഞ 80 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഭൂചലനമാണ് ഇത്തവണത്തേത്.