ഐക്യ രാഷ്ട്ര സഭ: ഉത്തർ പ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ സംഭവം “ഭീകരം” ആണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ പൌരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട് എന്ന് പറഞ്ഞു.
ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലേക്ക് വിരൽ ചൂണ്ടിയ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വക്താവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
ജാതി സ്പർദ്ധയാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് അറിയിച്ചപ്പോൾ, എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീ വിരുദ്ധമായി നിലകൊള്ളുന്നത് പലപ്പോഴും കാണപ്പെടുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ശക്തമായി തന്നെ അപലപിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ ദിവസം സ്ത്രീകളാൽ തഴയപ്പെടുന്നു എന്ന കാരണത്താൽ അമേരിക്കയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊന്ന സംഭവവും, തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു എന്ന കാരണത്തിന് പാക്കിസ്ഥാനിൽ കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗർഭിണിയായ യുവതിയുടെ സംഭവവും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ സൂചകങ്ങളാണ്.
ഇത്തരം പ്രവണതകൾക്ക് എതിരായി സ്ത്രീകളുടെ സംരക്ഷണത്തിനായി പുരുഷന്മാരെ അണിനിരത്തി ബാൻ കി മൂൺ തന്നെ ഒരു കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.