ന്യൂയോര്‍ക്ക് : ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കാന്‍ ഇന്ത്യയ്ക്കു മേല്‍ ഐക്യരാഷ്ട്ര സഭ സമ്മര്‍ദ്ദം ചെലുത്തുന്നു. കീഴ് വഴക്കങ്ങള്‍ക്കു വിരുദ്ധമായി ഇതാദ്യമായാണ് ഒരു രാജ്യത്തെ പേരെടുത്തു പറഞ്ഞു കൊണ്ട് ഐക്യ രാഷ്ട്ര സഭ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനോടും ഇസ്രയേലിനോടും ഐക്യ രാഷ്ട്ര സഭ ഇനിയും വൈകിക്കാതെയും, മറ്റ് ഉപാധികളൊന്നും മുന്‍പോട്ടു വെയ്ക്കാതെയും ആണവ നിര്‍വ്യാപന ഉടമ്പടിയിലും (Non- Proliferation Treaty – NPT) സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിലും (Comprehensive Test Ban Treaty – CTBT) ഒപ്പ് വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമ ഏഷ്യ സുരക്ഷിതമാക്കാന്‍ ആണ് ഈ നീക്കം എന്നാണു ഐക്യ രാഷ്ട്ര സഭയുടെ പക്ഷം. പേരെടുത്തു പറയാതെ ഒരു പ്രമേയം പാസ്സാക്കും എന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എന്‍. പി. ടി. പുനരവലോകന സമിതി ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളോട് ഈ ഉടമ്പടിയില്‍ ഉടനടി ഒപ്പ് വെയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും സമ്മേളനത്തില്‍ പങ്കെടുത്തില്ല.
ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ, ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു. പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.