ന്യൂയോര്‍ക്ക് : ഇറാനെതിരെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ പരിപാടികള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്നാണു സുരക്ഷാ സമിതി പറയുന്നത്. എന്നാല്‍ ഇത്തരം സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് ഇറാന്റെ ആണവ പദ്ധതികളുടെ വികസനത്തെ തടയാന്‍ ആവില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ സാധാരണ ജനത്തിന്റെ ജീവിതം ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് നരക തുല്യമാവുകയും ചെയ്യും. കൂടുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉപരോധ പ്രമേയത്തില്‍ ഉണ്ടായിരുന്നെങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ് മൂലം ഇവ ഒഴിവാക്കുകയായിരുന്നു. ബ്രസീലും തുര്‍ക്കിയും ഉപരോധത്തെ എതിര്‍ത്തപ്പോള്‍ ലെബനോന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
പുതിയ നിയന്ത്രണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല എന്ന് ഇറാന്‍ പ്രസിഡണ്ട് മെഹമൂദ് അഹമ്മദിനെജാദ് പ്രതികരിച്ചു. തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കില്ല. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഗാസയിലെ ഉപരോധത്തെ തകര്‍ക്കാന്‍ ഇറാന്‍ അറബ് ലോകത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിനു തിരിച്ചടി എന്നോണം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ ഉപരോധം എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഗാസാ ഉപരോധം തകര്‍ക്കാന്‍ ഇസ്രായേലിനെതിരെ തങ്ങളുടെ നാവിക സേനയെ അയയ്ക്കും എന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് സുരക്ഷാ സമിതി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇറാനെതിരെ ഐക്യ രാഷ്ട്ര സഭ പാസ്സാക്കുന്ന നാലാമത്തെ ഉപരോധ പ്രമേയമാണിത്. സാധാരണ ജനത്തിന്റെ ജീവിതം ദുസ്സഹമാകും എന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഉപരോധങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, ഇറാന്‍, ഐക്യരാഷ്ട്രസഭ