കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ് ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ് ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്.
അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.
ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന് ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.
തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാരിന് ഇയാളെ മോചിപ്പിക്കേണ്ടി വന്നു.
തുടര്‍ന്ന് ഫ്രാന്‍സില്‍ സ്ഥിര താമസം ആക്കിയ ശോഭരാജ് 2003ല്‍ നേപ്പാളില്‍ എത്തുകയും അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയുമായിരുന്നു.1975ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന് നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ് ഇയാളെ വെട്ടിലാക്കിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം