ഫ്രെസ്നൊ: ട്രാഫിൿ സിഗ്നലിനരികിൽ നിന്നും കണ്ടെടുത്ത സഞ്ചി തുറന്നു നോക്കിയ ജോ കോർണെൽ എന്ന അമേരിക്കക്കാരൻ ഒരു നിമിഷം സ്തബ്ധനായി പോയി. സഞ്ചിയിൽ പുത്തൻ നോട്ട് കെട്ടുകൾ. ഒന്നേകാൽ ലക്ഷം ഡോളർ (74 ലക്ഷം രൂപ) എണ്ണുമ്പോഴേക്കും അദ്ദേഹത്തിന്റെ മനസിലൂടെ ഒട്ടേറെ ദുഷ് ചിന്തകൾ കടന്നു പോയതായി അദ്ദേഹം തന്നെ പറയുന്നു. താൻ കരയുകയും വിറയ്ക്കുകയും ചെയ്തതായി അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന ചിന്തയൊക്കെ ഒരു നിമിഷം ജനിക്കാൻ പോകുന്ന തന്റെ നാലാമത്തെ പേരക്കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോഴേക്കും മാഞ്ഞു പോയി. തന്നെ കുറിച്ച് ആ കുഞ്ഞ് എന്താവും മനസ്സിലാക്കുക എന്ന് ഓർത്തതോടെ കോർണെൽ ഒന്നുറപ്പിച്ചു. തനിക്ക് അർഹതപ്പെട്ടതല്ലാത്ത പണം തിരികെ ഏൽപ്പിക്കുക തന്നെ. സാൽവേഷൻ ആർമി ജീവനക്കാരനായ ജോ കോർണെൽ ഉടനെ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു.
ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോവുന്ന ബ്രിങ്ക്‍ എന്ന സ്ഥാപനത്തിന്റെ ട്രക്കിൽ നിന്നുമാണ് സഞ്ചി വീണു പോയത്. ട്രാഫിൿ സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ട്രക്ക് സിഗ്നൽ പച്ചയായതോടെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ട്രക്കിൽ നിന്നും ഒരു സഞ്ചി റോഡിൽ വീഴുന്നത് കോർണലിന്റെ ശ്രദ്ധയിൽ പെട്ടത്.
പണം തിരികെ ലഭിച്ച ബ്രിങ്ക്‍ അധികൃതർ നന്ദി സൂചകമായി കോർണലിന് 5000 ഡോളർ പാരിതോഷികമായി നൽകി. കോർണൽ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനമായ സാൽവേഷൻ ആർമിക്കും കമ്പനി 5000 ഡോളർ സംഭാവന നൽകി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ജീവകാരുണ്യം, ബഹുമതി