ന്യൂയോര്‍ക്ക് : പത്തൊന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 191 അംഗ രാഷ്ട്രങ്ങളില്‍ 187 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചു. രക്ഷാ സമിതിയിലെ നവീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഇനി ഇന്ത്യക്ക് കഴിയും എന്നാണ് പ്രതീക്ഷ.
ഐക്യ രാഷ്ട്ര സഭയുടെ സ്ഥാപക അംഗമായ ഇന്ത്യ ഇതിനു മുന്‍പ് ആറു തവണ രക്ഷാ സമിതിയില്‍ അംഗമായിരുന്നിട്ടുണ്ട്. എന്നാല്‍ 1996ല്‍ ജപ്പാനോട് 100 വോട്ടിനു തോറ്റ ഇന്ത്യക്ക് ഇത്തവണ പക്ഷെ ഏഷ്യയില്‍ നിന്നും എതിരാളികള്‍ ഉണ്ടായിരുന്നില്ല. മല്‍സര രംഗത്തുണ്ടായിരുന്നു ഒരേ ഒരു അംഗമായ കസാക്കിസ്ഥാന്‍ നേരത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. എന്നാല്‍ അംഗത്വം നേടാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എന്നതിനാല്‍ കഴിഞ്ഞ 10 ദിവസത്തോളം വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ന്യൂയോര്‍ക്കില്‍ തമ്പടിച്ച് വിദേശ രാഷ്ട്രങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ വിജയം എന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഐക്യരാഷ്ട്രസഭ