ന്യൂസിലാന്‍ഡ് : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍റി ഇതിനിടെ പറഞ്ഞു. ഹെന്‍റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ന്യൂസീലന്‍ഡ്, പ്രതിഷേധം, വിവാദം