ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക് പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.
വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ് എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.
വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക് വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.