അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.
ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഏറ്റവും അധികം എച് വണ്‍ ബി വിസയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം എന്ന നിലയില്‍, ഇന്ത്യന്‍ ഐ. ടി. വിദഗ്ധരെ ആവും ഇത് കൂടുതലും പ്രതികൂലം ആയി ബാധിക്കുക എന്നത് ഇവരില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 21,000 വിസകള്‍ ആണത്രെ വിദേശ തൊഴിലാളികള്‍ക്കായി അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്.
- ജെ.എസ്.