ബെര്‍ലിന്‍ : ജപ്പാനില്‍ നടന്ന ആണവ അപകടം ഇന്ത്യ അടക്കം ആണവ പദ്ധതികള്‍ തുടങ്ങാന്‍ തിടുക്കം കൂട്ടുന്ന രാജ്യങ്ങള്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ്. മനുഷ്യന് നിയന്ത്രിക്കാന്‍ ആവുന്നതിലും അപ്പുറത്താണ് ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും എന്ന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തി ഈ ദുരന്തം.
ജര്‍മ്മനിയില്‍ ആണവ നിലയങ്ങള്‍ക്കെതിരെ പതിനായിര ക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു വന്‍ പ്രതിഷേധ പ്രകടനമാണ് ഇന്നലെ നടന്നത്. 60,000 പേരെങ്കിലും ഈ പ്രകടനത്തില്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. 45 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങലയാണ് ഇവര്‍ തീര്‍ത്തത്.
“ആണവ ഊര്‍ജ്ജം വേണ്ട” എന്ന മുദ്രാവാക്യം എഴുതിയ മഞ്ഞ കോടികള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.
ജപ്പാനെ പോലെ അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്തിന് പോലും നിയന്ത്രിക്കാന്‍ ആവാത്ത വിധം അപകടകാരിയായ ഒരു സാങ്കേതിക വിദ്യയാണ് ആണവ സാങ്കേതിക വിദ്യ എന്ന് ഫുകുഷിമയിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെയും മറ്റ് ആണവ ഉപകരണ ദാതാക്കളുടെയും കയ്യില്‍ നിന്നും ലഭിക്കുന്ന പണത്തിനു വേണ്ടി ഭാവി തലമുറകളുടെ ആകെ ശാപം വാങ്ങി വെച്ച് കൊണ്ട് ആണവ പദ്ധതികള്‍ സ്ഥാപിക്കാനായി ഒരുങ്ങി ഇരിക്കുന്ന ഇന്ത്യയിലെ നേതാക്കള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ഈ കൊടിയ വിപത്തിനെ അകറ്റി തങ്ങളുടെയും തങ്ങളുടെ മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ മുന്നിട്ടിറങ്ങേണ്ടി വരും.
- ജെ.എസ്.
ലോകം ഇത്തരത്തില്‍ ആണവോര്‍ജ്ജത്തിനെതിരെ പ്രതികരിക്കുമ്പോള്‍ നമ്മുടെ പ്രതികരണം സീറ്റ് വിഭജനത്തില്‍ ഒതുങുന്നു, നാം പ്രബുദ്ധര്‍ തന്നെ പികെ കുഞാലികുട്ടിക്കോ, മുനീറിനൊ, പിണറായിക്കോ, വീ എസിനോ, ചെന്നിത്തലക്കോ സീറ്റ് കിട്ടാതെ വന്നാലോ അയ്യോ അത് നമുക്കു സഹിക്കാനാവില്ല, പ്രിയ നാട്ടുകാരെ സിന്ദാബാദ് വിളിക്കാനും ജാഥ വിളിക്കാനും ആദ്യം ഭൂമി ഉണ്ടാവണം. നാം പ്രബുദ്ധരായതിനാല്‍ ഇതെല്ലാം അറിയാം സുനാമി ജപ്പാനിലല്ലെ,റിയാക്ടറും…. പിന്നെയെന്ത് പേടിക്കാന്‍ അല്ലേ ?