മുംബൈ : ജനാധിപത്യം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും ജനഹിതം തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നില്ല എന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്‍ പ്രസ്താവിച്ചു. ജൈതാപ്പൂരില്‍ ആണവ നിലയം വരുന്നത് അവിടത്തെ ജനത്തിന് ഇഷ്ടമല്ല. ആ നിലയ്ക്ക് ആണവ നിലയം സ്ഥാപിക്കുവാന്‍ ഉള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണ്. ജനാധിപത്യം തെരഞ്ഞെടുപ്പ് മാത്രമല്ല. ജന ഹിതം അറിഞ്ഞുള്ള ഭരണമാണ് ജനാധിപത്യത്തിന്റെ തത്വശാസ്ത്രം. പരമാധികാര ഭരണകൂടം ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. ജനാധിപത്യത്തില്‍ പരമാധികാരം ജനത്തില്‍ നിക്ഷിപ്തം ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഫുക്കുഷിമ ആണവ ദുരന്തം ലോകത്തെ നടുക്കിയ സാഹചര്യത്തിലും കച്ചവട താല്‍പര്യവും സ്വാര്‍ത്ഥ ലാഭങ്ങളും മാത്രം ലക്‌ഷ്യം വെച്ച് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ന്യായീകരിക്കാന്‍ ആവില്ല. 9900 മെഗാ വാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള ജൈതാപൂര്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ ആണവ പദ്ധതിയായിരിക്കും. എന്നാല്‍ ഈ പ്രദേശം ഭൂകമ്പം ഉണ്ടാവാന്‍ ഏറെ സാദ്ധ്യത ഉള്ള സ്ഥലമാണ്. ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 92 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ഭീതിദമായ വസ്തുതയാണ്.
ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ “അരേവ” യ്ക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ സാദ്ധ്യമാക്കിയ ഈ പദ്ധതി ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍കോസിയുടെ ഡിസംബര്‍ 2010ലെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് അംഗീകരിക്കപ്പെട്ടത്.
- ജെ.എസ്.