ടോക്യോ : അണു പ്രസരണ തോത് അനുവദനീയമായതിലും അധികമായ ആണവ മലിന ജലം ജപ്പാനിലെ ടോക്യോ ഇലക്ട്രിക് കമ്പനി ശാന്ത സമുദ്രത്തിലേക്ക് ഒഴുക്കുവാന്‍ ആരംഭിച്ചു. 11,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ ഒഴുക്കുവാന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനേക്കാള്‍ നൂറ് മടങ്ങ് കൂടുതല്‍ അപകടകാരിയായ മലിന ജലം സംഭരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താരതമ്യേന കുറഞ്ഞ നശീകരണ ശേഷിയുള്ള മലിന ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നത്.
റിയാക്ടറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്നും ജലം നീക്കം ചെയ്‌താല്‍ മാത്രമേ നിലയം തണുപ്പിക്കാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി ആണവ നിലയം നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ.
ആണവ നിലയത്തില്‍ നിന്നുള്ള അണു പ്രസരണം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും എന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.
സമുദ്രത്തില്‍ ആണവ മാലിന്യം കലര്‍ത്തുന്നത് വന്‍ തോതില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് ജല ജന്തു ശാസ്ത്രജ്ഞര്‍ അറിയിച്ചു. സീഷിയം 137 പോലെ മുപ്പത് വര്‍ഷത്തോളം പ്രസരണ ശേഷി യുള്ള മൂലകങ്ങള്‍ ചെറു മത്സ്യങ്ങളെ ഭക്ഷിക്കുന്നത് വഴി വന്‍ മല്‍സ്യങ്ങളുടെ ശരീരത്തില്‍ നിക്ഷേപിക്കപ്പെടും. ഈ മല്‍സ്യങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം മാര്‍ക്കറ്റിലും തീന്‍ മേശയിലും എത്തുന്നതോടെ ഇത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്കും ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.
- ജെ.എസ്.