Wednesday, August 4th, 2010

ആണവ പുനര്‍ സംസ്കരണ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചു

nuclear-waste-disposal-epathram

ഇന്ത്യ കഴിഞ്ഞയാഴ്ച അമേരിക്കയുമായി ആണവ ഇന്ധന പുനര്‍ സംസ്കരണ കരാറില്‍ ഒപ്പ് വെച്ചു. അധികമാരും ഇത് അറിഞ്ഞില്ല. പത്രങ്ങളില്‍ അച്ചടിച്ച്‌ വന്നിരുന്നു. ഇങ്ങനെ എത്ര കരാറുകള്‍ ഒപ്പിടുന്നു. എന്തൊക്കെ ബഹളങ്ങള്‍ നടക്കുന്നു. ബഹളങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കരാറും ഒപ്പിട്ടു പ്രജാപതി സുഖമായി കാര്യം സാധിക്കുന്നു. ജനം അത് സന്തോഷത്തോടെ വിഴുങ്ങുന്നു. വികസനമല്ലേ…? എതിര്‍ത്ത്‌ എന്തെങ്കിലും പറഞ്ഞാല്‍ വികസന വിരുദ്ധനായി മുദ്ര കുത്തിയാലോ? കിട്ടിയത്‌ എന്തായാലും അതും വിഴുങ്ങി മിണ്ടാതിരിക്കാം.

123 കരാറിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ ബാന്ധവത്തില്‍ ഒരു സുപ്രധാന ചുവടു വെയ്പ്പാണിത് എന്നാണു നയതന്ത്ര മന്ത്രം. 123 കരാറിനു ശേഷം ഈ കരാര്‍ ഇന്ത്യയെ കൊണ്ട് ഒപ്പിടുവിക്കുവാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്ന സമയത്തിന് എത്രയോ മുന്‍പേ തന്നെ ഇത് ഇന്ത്യയെ കൊണ്ട് സമ്മതിപ്പിക്കുവാനും ഒപ്പിടുവിക്കുവാനും കഴിഞ്ഞത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേട്ടമായി പ്രഖ്യാപിച്ചു കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍.

ഇത്രയേറെ തിടുക്കത്തില്‍ ഒപ്പിട്ട ഈ കരാര്‍ എന്താണെന്നതിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കടക്കം. ആണവ പുനര്സംസ്കരണത്തെ കുറിച്ച് ഇന്ത്യന്‍ ആണവ ഗവേഷണത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ശാസ്ത്രജ്ഞനുമായി e പത്രം ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ആണവ നിലയത്തില്‍ ഉപയോഗിക്കപ്പെടുന്ന യുറാനിയം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതിനു ശേഷം അതിന്റെ രൂപം മാറി മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും ഉപയോഗ യോഗ്യമായ മറ്റ് പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിനെയാണ് ആണവ പുനര്‍സംസ്കരണം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഏറെ വിലപിടിപ്പുള്ളതാണ്. കാരണം ഇതാണ് ആണവ ബോംബ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഫുട്ബോളിന്റെ പകുതിയോളം പ്ലൂട്ടോണിയം നിങ്ങളുടെ മേശപ്പുറത്ത് വെച്ച് പതുക്കെ ഒന്ന് കൈ കൊണ്ട് അമര്‍ത്തിയാല്‍ നിങ്ങള്‍ ഇരിക്കുന്ന രാജ്യവും അതിനടുത്ത ഏതാനും രാജ്യങ്ങളും ഞൊടിയിടയില്‍ ഇല്ലാതാവും.

ഇത്തരം ആണവ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു ക്രിറ്റിക്കല്‍ മാസ് ഉണ്ട്. ക്രിറ്റിക്കല്‍ മാസിന്റെ അത്രയും ഭാരം ഒരുമിച്ചു വന്നാല്‍ ആണവ പ്രതിപ്രവര്‍ത്തനം ഇത് സ്വമേധയാ ആരംഭിക്കും. ഇതിനാല്‍ ഈ പദാര്‍ഥങ്ങള്‍ എപ്പോഴും ഇതിന്റെ ക്രിറ്റിക്കല്‍ മാസിനേക്കാള്‍ കുറഞ്ഞ അളവിലാണ് സൂക്ഷിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ ക്രിറ്റിക്കല്‍ മാസ് ഏതാണ്ട് 10 കിലോയില്‍ താഴെയാണ്. ഘനമേറിയ വസ്തുവായതിനാല്‍ ഇതിന് ഒരു ഫുട്ബോളിന്റെ പകുതി വലിപ്പമേ കാണൂ. ഒരു ബോംബില്‍ ഇത് ചെറിയ ചെറിയ അറകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. ഈ ബോംബ്‌ പൊട്ടിക്കാന്‍ ചെറിയ ഒരു മര്‍ദ്ദം കൊണ്ട് ഈ അറകളെ തകര്‍ത്തു പ്ലൂട്ടോണിയത്തെ അതിന്റെ ക്രിറ്റിക്കല്‍ മാസ് ആകുന്ന അളവില്‍ ഒരുമിച്ചു കൊണ്ട് വന്നാല്‍ മാത്രം മതി. നേരത്തെ സൂചിപ്പിച്ചത്‌ പോലെ, ഭൂഗോളത്തില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗം ഒന്നാകെ നശിക്കും ഈ സ്ഫോടനത്തില്‍.

പ്ലൂട്ടോണിയം ഒരു കടുത്ത വിഷവും കൂടിയാണ്. ഇതിന്റെ ലക്ഷത്തില്‍ ഒരംശം ശരീരത്തില്‍ കടന്നാല്‍ മനുഷ്യന് മാരകമാണ്. ഇതെല്ലാം കൊണ്ടാണ് പ്ലൂട്ടോണിയം അമൂല്യമാവുന്നത്, കാരണം ഒരല്‍പം പ്ലൂട്ടോണിയം കൈവശം ഉള്ളവന് ലോകത്തെ അടക്കി ഭരിക്കാം, ഭീകരത കൊണ്ട് വിറപ്പിക്കാം… ഭീകരത കൊണ്ട് വിറപ്പിക്കുന്നത് തന്നെയല്ലേ സാമ്രാജ്യത്വത്തിന്റെ സ്ഥായീ ഭാവം?…

ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ നശീകരണ സ്വഭാവം തന്നെ. പ്ലൂട്ടോണിയവുമായി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളും മലിനമാകുകയും ദ്രവിച്ചു നശിക്കുകയും ചെയ്യും. ഇതിനാല്‍ ഇത്തരത്തില്‍ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യ കൊണ്ടേ കഴിയൂ. ഈ ശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെന്നത് പോലെ തന്നെ പാക്കിസ്ഥാനും ഈ ശേഷിയുണ്ട് എന്ന് കൂടി നാം ഓര്‍ക്കണം.

എന്നാല്‍ ഇതിലും ഭീതിദമാണ് പുനര്സംസ്കരണം കഴിഞ്ഞതിനു ശേഷത്തെ കാര്യം. പുനര്സംസ്കരണം ചെയ്തെടുക്കുന്ന പ്ലൂട്ടോണിയത്തിന് ആവശ്യക്കാര്‍ ധാരാളം ഉള്ളതിനാല്‍ അത് ശ്രദ്ധാപൂര്‍വ്വം തന്നെ വേണ്ടവര്‍ കൈകാര്യം ചെയ്തു കൊണ്ട് പോവും എന്ന് കരുതാം. എന്നാല്‍ സംസ്കരണത്തിന് ശേഷം ബാക്കിയാവുന്ന ആണവ ചണ്ടി (nuclear waste) എന്ത് ചെയ്യും? ഇത് ചര്‍ച്ച ചെയ്യാന്‍ “പാടില്ലാത്ത” വിഷയമാണ്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും. “ആണവ രഹസ്യ നിയമം” പല തലങ്ങളില്‍ ഇത്തരം ചര്‍ച്ചകളെ നിയന്ത്രിക്കുകയും നിരുല്സാഹ പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ സ്റ്റേറ്റിന് സ്വന്തം താല്‍പര്യ സംരക്ഷണ ത്തിനായി ഉപയോഗിക്കാന്‍ ഉള്ളതാണ്. ഇത് ചോദ്യം ചെയ്യാനാവില്ല. രാജ്യ ദ്രോഹമാവും.

ഉപയോഗ ശൂന്യമായ ആണവ ചണ്ടി പിന്നെന്തു ചെയ്യും? ഈ ചോദ്യം പണ്ട് ഓ. വി. വിജയന്‍ ഡല്‍ഹിയില്‍ ആണവ ശാസ്ത്രജ്ഞരുടെ ഒരു വിരുന്നു സല്ക്കാര ത്തിനിടയില്‍ ഉന്നയിച്ചപ്പോള്‍ കൂസലില്ലാതെ മറുപടി വന്നു അത് ഭീകരാകാരമായ കൊണ്ക്രീറ്റ്‌ കട്ടകള്‍ക്കുള്ളിലെ അറയില്‍ അടക്കം ചെയ്തു ഭൂമിക്കടിയിലോ സമുദ്രത്തിന്റെ അടിത്തട്ടിലോ നിക്ഷേപിക്കും എന്ന്. ഈ കൊണ്ക്രീറ്റ്‌ കട്ട എത്ര നാള്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് അത് കുറേക്കാലം നിലനില്‍ക്കും എന്ന് മാത്രമായിരുന്നു മറുപടി.

nuclear-waste-dumping-epathram

കൊളറാഡോയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള ചണ്ടി കുഴിച്ചിടാനായി ഇഡാഹോയിലെ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഭൂമിക്കടിയില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും കുഴിച്ചിട്ട ചണ്ടിയില്‍ നിന്നുമുള്ള മലിനീകരണം ഇഡാഹോയിലെ 300000 ത്തോളം വരുന്ന ജനത്തിന്റെ കുടിവെള്ളത്തിലും കലര്‍ന്നതായി കണ്ടെത്തി.

ചില പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കയിലെ നാടുവാഴികളെ സ്വാധീനിച്ചു അവിടെ ആണവ ചണ്ടി കൊണ്ക്രീറ്റ്‌ കട്ടകളിലാക്കി കുഴിച്ചിടാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു സ്ഥിരീകരണ മൊന്നുമില്ലെങ്കിലും സാധ്യത തള്ളി ക്കളയാനുമാവില്ല.

കടലില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ പ്രചാരമുള്ള രീതി. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സമുദ്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതിരോധിച്ചപ്പോള്‍ അതിനെ അടിച്ചമര്ത്താനാണ് പ്രതിരോധിച്ചവരെ കടല്‍ കൊള്ളക്കാര്‍ എന്ന് മുദ്ര കുത്തിയത് എന്നൊരു വാദവും സോമാലിയയിലെ കടല്‍ കൊള്ളക്കാരെ കുറിച്ചുണ്ട്. ഇങ്ങനെ നിയമ വിരുദ്ധരാക്ക പ്പെട്ടവരാണത്രേ ഇപ്പോഴത്തെ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ആണവ ചണ്ടി എത്ര നാള്‍ അതിന്റെ വീര്യം നിലനിര്‍ത്തും എന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി പ്രവചിക്കാനാവും. എന്നാല്‍ ഇത് അടക്കം ചെയ്തിരിക്കുന്ന കൊണ്ക്രീറ്റ്‌ എത്ര നാള്‍ അതിന്റെ ബലം നിലനിര്‍ത്തും എന്ന് ആര്‍ക്കും പറയാനാവില്ല. ഇതാണ് ഇതിന്റെ അപകടവും.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010