സൂചിമുഖി മാസിക 32 വര്‍ഷം പൂര്‍ത്തിയാക്കി

January 17th, 2012

കേരളത്തിലെ പരിസ്ഥിതി രംഗത്ത്‌ ഏറെ സംഭാവന നല്‍കിയ സൂചിമുഖി പരിസര വിദ്യഭ്യാസ മാസിക കഴിഞ്ഞ ഡിസംബര്‍ ലക്കത്തോടെ 32 വര്‍ഷം പൂര്‍ത്തിയാക്കി.സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  യശശരീരനായ പ്രൊഫസര്‍ ജോണ്‍ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തില്‍ തുടങ്ങിയ സൂചിമുഖി പിന്നീട് പി. ജനാര്‍ദ്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറി. ഇപ്പോള്‍ ടി പി പത്നാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വര്‍ത്തമാനത്തിലും സീക്കിനുള്ള സ്ഥാനം വളരെ വലുതാണ്‌, ഒരു മാസികയെന്ന നിലയില്‍ കഴിഞ്ഞ 32 വര്‍ഷമായി സൂചിമുഖി നല്‍കിവരുന്ന ഹരിത വിശ്വാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതതാണ്. സൂചിമുഖിക്ക് ഇപത്രത്തിന്റെ ഭാവുകങ്ങള്‍ നേരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

1 അഭിപ്രായം »

പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍

December 13th, 2011

dcsc_2011-epathram

ദുബൈ : പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ യിലെ 4 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2011 അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ്‌. ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ ദുബൈ അല്‍ സഫാ പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. അഞ്ജലി – 050 4889076, ഗഫൂര്‍ : 050 1871257

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം

June 4th, 2011

world-environment-day-2011-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ  മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന  മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന  പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ  പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന  ഇന്ദുചൂഡന്‍ മാഷ്‌, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്  അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ  പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി  ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ    സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ  അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും   എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍  eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈ ജീവന്റെ ഗോളം ഇനി എത്ര നാള്‍?

April 22nd, 2011

earth-day-2011-epathram

എപ്രില്‍ 22 – ലോക ഭൌമ ദിനം

ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്.

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു.

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ഏപ്രില്‍ 25നു സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കാന്‍ പോകുകയാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു.

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്.

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ഇന്ന് ഒരു മണിക്കൂര്‍, നമ്മുടെ ഭൂമിക്ക് വേണ്ടി

March 26th, 2011

earth-hour-plus-logo-epathram

കാലാകാലങ്ങളായി മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറിയാലും നമ്മെയെല്ലാം ഒരു തറവാട്ടില്‍ എന്ന പോലെ നില നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് ഇത്തിരി നേരം ഓര്‍ക്കാം. വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കു വേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും പോലെ ചില ചെറിയ കാര്യങ്ങള്‍. അതെ, ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, ഭൂമിയ്ക്കു വേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം.

ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ വൈകീട്ട് 8.30 മുതല്‍ 9.30 വരെ ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞമായ എര്‍ത്ത്‌ അവര്‍ ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു. ഒരു യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ ഒരു കിലോ ഹരിത ഗൃഹ വാതകമാണ്‌ പുറന്തള്ളപ്പെടുന്നത്‌. എര്‍ത്ത്‌ അവര്‍ ആചരിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ എത്തുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവ്‌ പ്രതിവര്‍ഷം 120 ലക്ഷം ടണ്‍ കുറയ്‌ക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 125 ലോക രാജ്യങ്ങളിലെ 2000 ത്തോളം പട്ടണങ്ങളിലെ നൂറു കോടി ജനങ്ങള്‍ എര്‍ത്ത്‌ അവറില്‍ പങ്കാളികളാകും. ലണ്ടന്‍, ബെയ്‌ജിങ്‌, റോം, മോസ്‌കോ, ലോസ്‌ ആഞ്‌ജലിസ്‌, റിയോ ഡി ജനൈറോ, ഹോങ്കോങ്‌, ദുബായ്‌, സിംഗപ്പൂര്‍, ആതന്‍സ്‌, ടൊറന്‍േറാ, സിഡ്‌നി, മെക്‌സിക്കോ സിറ്റി, ഇസ്‌താന്‍ബുള്‍, കോപ്പന്‍ ഹേഗന്‍, മനില, ലാസ്‌വേഗാസ്‌, ബ്രസല്‍സ്‌, കേപ്‌ടൗണ്‍, ഹെല്‍സിങ്കി എന്നിവ  എര്‍ത്ത്‌ അവറില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം ലോക നഗരങ്ങളില്‍ ചിലതാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളും എര്‍ത്ത്‌ അവര്‍ ആചരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയൊട്ടാകെ 5 ലക്ഷം വിദ്യാര്‍ഥികള്‍ എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ കെടുത്തും എന്ന പ്രതിജ്ഞ എടുത്തു കഴിഞ്ഞു. കാര്‍ബണ്‍ നിര്‍ഗമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ വ്യവസായ ലോകവും ഈ ഉദ്യമത്തില്‍ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടെ പ്രതിജ്ഞാ ബദ്ധത വ്യക്തമാക്കും. ബോളിവുഡ്‌ നദി വിദ്യാ ബാലന്‍ അടക്കം ഒട്ടേറെ പ്രശസ്തരും സിനിമാ താരങ്ങളും ലോകമെമ്പാടും ഈ പരിപാടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ആഗോള താപനത്തെ പറ്റി ഭരണാധിപന്മാര്‍, ശാസ്‌ത്രജ്ഞര്‍, പ്രകൃതി സ്‌നേഹികള്‍ എന്നിവരെ ബോധവത്‌കരിക്കാനും ആഗോള താപനം കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ക്കുമായി 2007-ല്‍ സിഡ്‌നിയിലാണ്‌ എര്‍ത്ത്‌ അവര്‍ ആരംഭിച്ചത്‌. മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതു കൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്‌ലി പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 5123...Last »

« Previous Page« Previous « ഓരോ തുള്ളിയും സൂക്ഷിച്ച്
Next »Next Page » കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010