വിശ്വപ്രസിദ്ധ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്ന വിശ്വാസത്തിനു തിരുത്തുമായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരായ കുട്ടികളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് വാന്‍ഗോഗിനെ ജീവചരിത്ര രചയിതാക്കളായ സ്റ്റീവന്‍ നിഫെയും ഗ്രിഗറി സ്മിത്തും പറയുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ “വാന്‍ഗോഗ്: ദി ലൈഫ്” എന്ന പുസ്തകത്തിലാണ് ഈ പുതിയ നിഗമനം ഉള്ളത്. കേടായ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും എന്നാല്‍ കുട്ടികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി താന്‍ സ്വയം വെടിയുതിര്‍ത്തതാണെന്ന് വാന്‍ഗോഗ് മൊഴി നല്‍കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
വാന്‍ഗോഗ് എഴുതിയ കത്തുകളും കുറിപ്പുകളും വിവര്‍ത്തനം ചെയ്തും അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മറ്റു രേഖകള്‍ എന്നിവ പരിശോധിച്ചും വളരെ നാളത്തെ പരിശ്രമ ഫലമായാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഇതിനായി വാന്‍ഗോഗിനെ കുറിച്ച് പഠനം നടത്തുകയും എഴുതുകയും ചെയ്ത നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച് മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുവാന്‍ തക്ക പ്രശ്നങ്ങള്‍
അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് സ്റ്റീവന്‍ നിഫെയുടേയും ഗ്രിഗറി സ്മിത്തിന്റേയും നിഗമനം. 1890-ല്‍ മുപ്പത്തേഴാം വയസ്സില്‍ ഫ്രാന്‍സിലെ ഒരു ഗോതമ്പ് പാടത്ത് വച്ച് വെടിയേറ്റാണ് വാന്‍ഗോഗ് മരിച്ചത്.