ആലപ്പുഴ : മഴക്കാലം വന്നതോടെ സംസ്ഥാനത്തെ കുട വിപണി സജീവമായി. സിക്സ് ഫോഡ്, പീപ്പിയുള്ളത്, പേരെഴുതുവാന്‍ സ്ഥലം ഉള്ളത്, വെയില്‍ കൊണ്ടാല്‍ നിറം മാറുന്നത്, അങ്ങിനെ നിറത്തിലും, വലിപ്പത്തിലും, രൂപത്തിലും എല്ലാം വൈവിധ്യം നിറഞ്ഞ കുടകളുടെ ഒരു വന്‍ ശ്രേണി തന്നെ വിവിധ ബ്രാന്റുകള്‍ രംഗത്തിറക്കിയിരിക്കുന്നു.
മഴക്കാലം തുടങ്ങുന്നതിനു മുന്‍പു തന്നെ കുടകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. പോപ്പിയും, ജോണ്‍സുമാണ് വിപണിയിലെ പരസ്യ മത്സരത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തങ്ങളുടെ ബ്രാന്റ് നാമം ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പരമാവധി പ്രചരിപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് ഓരോരുത്തരും നടത്തുന്നത്. കുട്ടികളേയും ചെറുപ്പക്കാരേയും ആണ് മിക്ക കമ്പനികളും നോട്ടമിടുന്നത്. അതിനനുസരിച്ചുള്ള ഡിസൈനുകളും വിപണന തന്ത്രങ്ങളും അവര്‍ പുറത്തെടുക്കുന്നു. ഓരോ വര്‍ഷവും പുതുമയുള്ള മോഡലുകള്‍ ആണ് കേരളത്തിലെ വിപണിയില്‍ എത്തുന്നത്. ഇത് പുതിയ കുടകള്‍ വാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ചെറിയ ഒരു കാലയളവിനുള്ളില്‍ പരമാവധി ലാഭം കൊയ്യാം എന്നതാണ് കുട വിപണിയുടെ പ്രത്യേകത.
നൂറു മുതല്‍ അറുനൂറു രൂപ വരെ ആണ് വിവിധ കമ്പനികളുടെ കുടകളുടെ വില. സ്പെഷ്യല്‍ കുടകള്‍ക്ക് വില ഇതിലും കൂടും. കേരളത്തില്‍ വിറ്റഴിയുന്ന കുടകളുടെ അസംസ്കൃത വസ്തുക്കള്‍ അധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആണ് വരുന്നത്. കുട വിപണി വമ്പന്‍ ബ്രാന്റുകള്‍ കയ്യടക്കിയതോടെ ചെറുകിട സംരംഭകര്‍ക്ക് അതൊരു തിരിച്ചടിയായി, എങ്കിലും ചെറിയ സംരംഭകരുടെ കുടകളും വിപണിയില്‍ വിറ്റു പോകുന്നുണ്ട്.



അബുദാബി : കാല്‍ നൂറ്റാണ്ടായി ആരോഗ്യ – ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച അഹല്യാ ആശുപത്രിക്ക് വീണ്ടുമൊരു അംഗീകാരം. ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്‌ട്ര അംഗീകാരമായ JCI (ജോയിന്‍റ് കമ്മീഷന്‍ ഇന്‍റര്‍നാഷണല്‍) പുരസ്കാരമാണ് അഹല്യയ്ക്ക് ലഭിച്ചത്. JCI USA വിദഗ്ദ്ധ സംഘത്തിന്‍റെ വിശദമായ പരിശോധന കള്‍ക്കൊടുവിലാണ് അഹല്യക്ക് ഈ അംഗീകാരം ലഭിച്ചത്. ISO – 9001- 2008 അംഗീകാരം നേടിയിട്ടുള്ള അഹല്യ ആശുപത്രി, അബുദാബി സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ശൈഖ് ഖലീഫ അപ്രിസിയേഷന്‍ പുരസ്കാരം ഇതിനകം രണ്ടു തവണ നേടിയിട്ടുണ്ട്. 
ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒരു ബ്രാന്റില്‍ നിര്‍മ്മിച്ച ഏറ്റവും അധികം കാറുകള്‍ ഒരുമിച്ച് പുറത്തിറക്കിയാണ് മാരുതി റിക്കോര്‍ഡ് ഇട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാരുതിയുടെ ഇപ്പോഴത്തെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ 342 കാറുകള്‍ ഗുഡ്‌ഗാവിലെ പ്ലാന്റില്‍ നിന്നും ഒരുമിച്ച് ഇറങ്ങിയത്. 2006-ല്‍ പുറത്തിറങ്ങിയ “സ്വിഫ്റ്റ് ‘ ഇതിനോടകം 4.6 ലക്ഷത്തില്‍ അധികം എണ്ണം ഇന്ത്യയ്ക്കകത്തും വിദേശത്തുമായി വിറ്റഴിഞ്ഞു. തുടക്കം മുതല്‍ തന്നെ ഈ മോഡലിനു നല്ല ഡിമാന്റ് ഉണ്ട്.
ഗുജറാത്ത് : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ചെറു മോഡല്‍ കാറായ നാനോയുടെ ഫാക്ടറി ഗുജറാത്തിലെ സനന്ദില്‍ ഉല്‍ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ചേര്‍ന്നാണ് ഫാക്ടറിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്.
