അച്ഛമ്മയുടെ അച്ഛന്‍ ‘ഇന്ത്യയെ കണ്ടെത്തിയ’ ശേഷമാണ് പ്രധാനമന്ത്രിയായത്. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക് കൈമോശം വന്നുപോയിരിക്കണം. അതു കൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.
പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ് ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ് സിങ്ങിന്. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട് സുഹൃത്തുക്കളേ രാഹുകാലം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് നാട്ടുരാജ്യങ്ങള്‍ വാണിരുന്നത് രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത് പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക് തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ് ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റിതീരെഴുതിക്കിട്ടുകയും ചെയ്‌തു.
രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട് മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്, നട് വര്‍ സിങ്ങ്, ജസ്വന്ത് സിങ്ങ്… രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്. രാസാവായ അര്‍ജുന്‍സിങ്ങ് സാദാമന്ത്രി. ഓച്ചാനിച്ച് നിന്ന് റാന് മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.
പണ്ട് മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത് ഒരു സത്യമാണ്. ഏതുഭാഷയായാലും മിണ്ടിയാലാണ് കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന് കടന്നലു കുത്തിയ പോലാക്കിയെന്നു മാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട് അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ – രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക് അതാണുത്തമമെന്നും തോന്നി.
നാലു വോട്ട് അര്‍ജുന്‍ രാജാവിന് സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ് തോല്‍വി. എന്നുവച്ച് പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതി രാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തു നില്‌ക്കും. അതിലൂടെ വലിഞ്ഞകത്തു കയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ് സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.
എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക് വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിത പാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച് സ്ഥലം വിടുകയാണ് പതിവ്. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച് പിണ്ഡം വച്ചേനെ.
എനിക്കു വോട്ടു തന്നു മന്ത്രിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ് ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക് സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതു കൊണ്ട് അത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്. മുമ്പില്‍ നിന്നിറക്കി വിട്ടാല്‍ പിന്നിലൂടെ കയറി വരുമെന്നു മാത്രം.
അങ്ങിനെ കയറി വന്നാല്‍ പിന്നെ തോല്‌പിച്ചിറക്കി വിട്ട ജനത്തിനോട് രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട് ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക് അത്യുത്തമം അതു തന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.
ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാന നിരതനായിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തു മുപ്പത് രാഹുലിന് കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒരു ശുഭ മുഹൂര്‍ത്തം നോക്കി നാലു പത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത് മൂപ്പര്‍ ഒന്നലറി – രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യ രാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.
ഒരാള്‍ ഒരു ദിവസം ഒരു വഷള് മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച് സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.
ഒരു വഷള് ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത് വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ് അള്ള അഥവാ മാഡം അത് പിന്താങ്ങുകയാണ്. അതായത് മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.
പണ്ട് വാജ്‌പേയിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറി വിളിച്ചതാണ് മാഡത്തെ വിളിച്ച് നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്. വന്നതു പോലെ പോയതുമാണ്. അന്ന് കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെനന്ന് മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടി കിട്ടിയാല്‍ പുല്ലും പറിക്കാം എന്നു പറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്. പിന്നീട് കണ്ടത് ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്.ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്. അതോടു കൂടി ഉറക്കം തൂക്കി കിടക്കയില്‍ വീണെന്നു പറഞ്ഞ പോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.
ഇതിനുമുമ്പ് ശ്രീരാമന്‍ മാത്രമാണ് ഇങ്ങനെ കയ്യില്‍ കിട്ടിയ സംഗതിയെടുത്ത് കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമ രാജ്യത്തിനു വേണ്ടി പരിശ്രമിച്ചത്. അതുതന്നെയാണ് മാഡവും ചെയ്‌തത്. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതു കൊണ്ട് ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച് സര്‍ദാര്‍ജിയോട് ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തു കൊണ്ടും നല്ലത് അതാണെന്നൊരു തിരിച്ചറിവ്. അത്ര തന്നെ.
കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകല പാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക് വരണം. പരമാവധി മകനായാല്‍ നല്ലത്. തൊട്ടു കൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ് പവാറിന് പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക് യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്. അറുപതിലെത്തില്‍ മാഡത്തിന് മോന്‍ രാഹുല്‍. നാലാളുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ് ഭാരതീയര്‍.
രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ് പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കു തോന്നി കാര്യം പിശകാണെന്ന്. അച്ഛന്റെ പാതയിലേക്ക് മകനെ തള്ളി വിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരു പോയി വെല്ലൂരിലേക്ക്. രാജീവിന്റെ വധത്തിലെ പങ്കിന് അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈ കൂപ്പി തൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കു വിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന് അക്കൂട്ടര്‍ ധരിച്ചു കാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ് കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന അനവരതം നേതാക്കളില്‍ മരുന്നിനു പോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്ത കാര്യം മകള്‍ നളിനിയോട് ചോദിച്ചിരിക്കണം.
എതായാലും പ്രിയങ്കയ്‌ക്ക് ഒരു കാര്യം വ്യക്തമായിട്ടുണ്ട്. നമ്പാന്‍ കൊള്ളാത്ത ജാതികളാണ് കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധി നാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത് എന്നു പറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട് കുട്ടി സുന്ദരി മാത്രമല്ല, ബുദ്ധി കൂടിയുണ്ട്.
വായും പിളര്‍ന്നു വരുന്ന മുതലയെപ്പോലെയാണ് കമ്മ്യൂണിസം, വരുന്നത് ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത് വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക് കണ്ടേ കൂട. ഇന്ദിരാഗാന്ധി വെടി കൊണ്ടു വീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കു വെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ച വെച്ചത്. നാവു വടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ് എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കു പിള്ളേരെ ഒരു പേനക്കത്തി പോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്. ചിരിച്ചുകൊണ്ട് വിഴുങ്ങുകയാണ് കോണ്‍ഗ്രസുകാരുടെ രീതി. അര നൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്.
നിത്യന്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nithyan