നിയമം പിള്ളേടെ വഴിയേ…

November 5th, 2011

balakrishnappillai-jail-epathram

പിള്ള ചവിട്ടിയാല്‍ നിയമസഭയ്ക്ക് കേടില്ല എന്നാണല്ലോ… ഈ പിള്ളച്ചൊല്ല് ചാണ്ടിച്ചായനെ തെല്ലൊന്നുമല്ല പോല്ലാപ്പിലാക്കുന്നത്. പിന്നെ നൂല്പാലത്തില്‍ പിള്ളേരുടെ കൈ താങ്ങില്ലെങ്കില്‍ കാര്യം കട്ടപ്പൊക. അതോണ്ടാണല്ലോ ചെക്കന്‍ കേറി പണിതിട്ടും ചാണ്ടിച്ചായന്‍ മാപ്പ് പറയാന്‍ തയ്യാറായത്‌. ചെക്കനാണേ വായ പോയ കോടാലീം… ആള്‍ക്കാരെ കണ്ടാ അതുമിതും വിളിച്ചു പറയും… പിള്ളയ്ക്കങ്ങു ജയില് പിടിച്ചിട്ടുമില്ല താനും. വിധിയായാ കൊറച്ച് ദെവസം കെടക്കട്ടെ എന്നാ ശരിക്കങ്ങ് നിയമം… എന്നാ പിള്ളക്കങ്ങനെ ആകാമോ? എന്നാ പിന്നെ പിള്ളയേം തള്ളയേം വ്യതാസമെന്നതാ എന്നാ ചെറുക്കന്റെ ചോദ്യം, ഒന്നുമില്ലെങ്കിലും സിനിമേല് കെടന്ന് വിലസിയ ആളല്ലേ … ചാണ്ടിച്ചായന്‍ ഒരു തെല്ലത്താ ഇരിക്കുന്നതെന്ന് പിള്ളക്കും മോനും നന്നായി അറിയാം വീഴാന്‍ ഒരു തള്ള് പോലും വേണ്ട…. അതോണ്ടാ ഗോവിന്ദ ചാമിയേം പിന്നെ കൊറേ ചാമിമാരേം തഴഞ്ഞ്‌ പിള്ളക്കങ്ങു പോകാന്‍ വഴി ഉണ്ടാകിയത്‌… തലേം വാലും നോക്കാത്ത പ്രതിപക്ഷം സഭേന്നു ഇറങ്ങാന്‍ കാത്തിരിക്ക്യാ കാരണം പോലും വേണ്ടാണ്ട് … അതിനിടയിലാ പിള്ളടെ ചെല പൂതി… ഇത് കേട്ടപ്പോ ഗോവിന്ദ ചാമിക്കും പൂതി എളകീന്നാ കേട്ടത്… അല്ല പിള്ളയും ചാമിയും എന്താ വ്യതാസമെന്നു ചാമിക്ക് ചോദിക്കാമല്ലോ ജനാധിപത്യമല്ലേ… അതോ പിള്ളാധിപത്യമോ…നിയമത്തെ പത്തനാപുരം വഴി കൊട്ടാരക്കരയില്‍ എത്തിച്ചതിനു പിള്ളക്കിനി അടുത്ത തവണ പത്ത്‌ വോട്ടുകൂടുതല്‍ കിട്ടും…പോരെ… ചെക്കനെന്തു പറഞ്ഞാലും നമ്മടെ കാര്ന്നോര്‍ ചാണ്ടിച്ചായന്‍ സഭേല് മാപ്പ് പറഞ്ഞോളും അതോടെ തീര്‍ന്നു കാര്യം…

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ദൂരം = യു. ഡി. എഫ്.

May 11th, 2011

samadooram-epathram

ഇത്തവണ കാര്യമങ്ങ് തൊറന്ന് പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളല്? അല്ലേലും ഈ സമദൂരമെന്നത് സമമല്ലെന്ന് ഏത് കണ്ണുപൊട്ടനാ അറിയാത്തത്? അല്ലേലും ഈ തറവാടിത്ത മുള്ളോര്‍ക്കൊന്നും സമദൂരം നടക്കൂല. അതും ഇതു പോലൊരു അമ്മാവന്‍ ഇനീം കേരളം ഭരിച്ചാലുള്ള സ്ഥിതിയൊന്ന് ഓര്‍ക്കാനേ വയ്യ. ഈ കരേലും അടുത്ത കരേലും നിക്കാനൊക്കൂല. ഇത് കരയോഗ ത്തിലൊന്നു തുറന്നു പറഞ്ഞു. അച്ചുമ്മാനിട്ട് ഒരു കൊട്ടും കൊടുത്തു. ഞങ്ങളെ പ്രിയ പിള്ളയെ ജയിലീ പറഞ്ഞയച്ചയാളെ ഒരുത്തനെന്നല്ലാതെ എന്തു വിളിക്കും? ബാക്കി പറഞ്ഞതൊക്കെ അപ്പാടെ ശരിയാണെന്ന് ചെന്നിത്തലേം ചാണ്ടീം പറഞ്ഞല്ലോ. ഭാ‍ഗ്യത്തിന് യുഡീഎഫുകാരൊന്നും കാലു വാരീല്ല. എല്ലാരും ഒപ്പം കൂടി ഇനി ചെന്നിത്തല ആ കസേരേലൊന്ന് ഇരുന്നു കണ്ടാല്‍ സര്‍വ്വ നായന്മാര്‍ക്കും അശ്വാസമായെന്നാ വിചാരം. മാഷെ, അതിന് സര്‍വ്വ നായന്മാരും ഇങ്ങേരുടെ തീട്ടൂരം കേള്‍ക്കുന്ന വരാണെന്നാ വെപ്പ്. മൂര്‍ഖന്റെ വിഷമേറ്റയാളെ ആശുപത്രീലോട്ട് കൊണ്ട്പോകുന്നവരെ ചൂണ്ടി ഞങ്ങളോട് കളിച്ചാല്‍ ഇതു പോലിരിക്കുമെന്ന നീര്‍ക്കോലിയുടെ സ്ഥാനമേ തനിക്കുള്ളൂവെന്ന് ഇതിയാനെന്നാണ് മനസിലാക്കുക?

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? ഈ തരം ജാതികളൊന്നും ഹജൂര്‍ കച്ചേരി കേറ്റിയിരുത്താന്‍ കൊള്ളില്ലന്നേ. അതിനൊക്കെ കൊറച്ച് തറവാടിത്തം വേണ്ടേ.? ഇതൊക്കെയാണ് ഈ മൂപ്പിലാന് പറയാനുള്ളത്. അതിനീ ജാതിക്കറ പുരട്ടിയ വാക്കെറിഞ്ഞ് ഞമ്മളെ തള്ളലോണ്ടാ യുഡീഎഫ് കേറീന്നൊരു പേര് കിട്ടണം. പോയാ ഒരു വാക്ക്, കിട്ടിയാലോ എന്തൊക്കെ കച്ചോടം നടക്കനുള്ളതാ? പള്ളിക്കൂടത്തിന്റെ ബിസിനസൊക്കെ മെച്ചപ്പെടുത്താന്‍ ഒന്നുങ്കില്‍ യുഡീഫെന്നെ വരണംന്നേ… ഈ അച്ചുമ്മാന്‍ തിന്നേംല്ല, തീറ്റിക്കേംല്ല.

ഇത്തരത്തിലുള്ള എട്ടുകാലി മമ്മൂഞ്ഞുമാരെ സഹിക്കാന്‍ ചെന്നിത്തലക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? അതല്ലെ വാ തുറന്ന് ആവശ്യമില്ലാത്തത് വിളമ്പിയതിനെ അനുകൂലിച്ചു കൊണ്ട് കര യോഗത്തിലേക്ക് ചെന്നിത്തല ഓടിക്കേറീത്. ബാലകൃഷ്ണപ്പിള്ള ജയിലീ കെടന്ന് ഗോതമ്പുണ്ട തിന്നുന്നത് കരയോഗക്കാര്‍ക്ക് എങ്ങനെ സഹിക്കാനാ, കട്ടിട്ടാണെങ്കിലും കെടക്കണത് ജയിലിലല്ലെ അതും ഒന്നാം നമ്പര്‍ മാടമ്പി നായര്.

പിന്‍മൊഴി:

 1. ഇനിയും എന്‍. എസ്. എസിനെ ദ്രോഹിച്ചാല്‍ എല്‍. ഡി. എഫ്. പഠിക്കും – ജി. സുകുമാരന്‍ നായര്‍.
 2. എന്‍. എസ്. എസില്‍ രണ്ടു തരം നേതാക്കള്‍ ഉണ്ടെന്നും, ഒന്ന് നല്ലവരും മറ്റത് പിള്ളയെ പോലുള്ളവരും. ഇയാള്‍ രണ്ടാമത്തേതില്‍ പെടും – വി. എസ്.
 3. പത്താം ക്ലാസും ഗുസ്തീം കയ്യിലുള്ള ഈ നായര്‍ക്ക് എവിട്ന്ന് സംസ്കാരമുണ്ടാകാനാ? – വെള്ളാപിള്ളി

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

ഗാന്ധിയന്മാരുടെ പറന്നു കളി

April 6th, 2011

helicopter-kerala-elections-epathram

ഒറ്റ മുണ്ടുടുത്ത ഒരു പാവം വൃദ്ധന്‍ വടിയും കുത്തി വേഗത്തില്‍ ഇന്ത്യ മുഴുവന്‍ നടന്നും പട്ടിണി കിടന്നും വെള്ളക്കാരുടെ ബൂട്ടിന്‍ ചവിട്ടേറ്റും ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു. വെള്ളക്കാരെ കെട്ടു കെട്ടിച്ച ആ അര്‍ദ്ധ നഗ്നനായ ഫക്കീര്‍ ഇന്ന് ജീവിച്ചിരുന്നു എങ്കില്‍… ഓര്‍ക്കാനേ വയ്യ.

അഭിനവ ഗാന്ധിമാര്‍ക്ക് ഹെലികോപ്റ്റര്‍ നിര്‍ബന്ധം. നടക്കാന്‍ പോലുമാകാത്ത വിധം ഇന്ത്യ വികസിച്ചതിനാല്‍ വോട്ടര്‍മാരുടെ അടുത്തെത്താന്‍ പറക്കുകയല്ലാതെ വേറെയെന്ത് വഴി?

ഉത്തരേന്ത്യ യിലൊക്കെ ഇത് സാധാരണം മാത്രം. കേരളത്തില്‍ മാത്രം ദേ ആ പഴേ പടി. എന്നാ ഇവരൊക്കെ ഒന്നു മാറി ചിന്തിക്കുക… ഈ വികാരം തികച്ചും ന്യായം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ അടിക്കാനും ഇതേ പോലൊരു സാധനം തന്നെ യാണ് ഉപയോഗിച്ച് പാവം ജനങ്ങളെ വിഷം തീറ്റിച്ചത്. അതൊക്കെ ആര്‍ക്ക് വേണം അല്ലെ… ഈ വോട്ടോട്ട ത്തിനിടയില്‍ ചിന്തിക്കാന്‍ പറ്റിയ കാര്യാണോ അത്. അതു കള. പ്രസിഡന്റല്ലോ… കേരളമാകെ പറക്കണ്ടായോ… ഇടക്കിടക്ക് ഹരിപ്പാടൊന്ന് ദര്‍ശനം നടത്തണ്ടായോ… അതു കൊണ്ടൊക്കയാ ഈ പറക്കണ കുന്ത്രാണ്ടം വേണംന്ന് വെച്ചത്. ഇപ്പൊ അതും പുലിവാലായി… എങ്ങനെയെങ്കിലും ഹജൂര്‍ കച്ചേരീലൊന്ന് മഹാരാജാവിന്റെ കസേര യിലിരിക്കാന്‍ സര്‍വ്വ നായന്മാരോടും ഗ്രൂപ്പന്മാരോടും തൊട്ടും തലോടിയും നിന്നു സഹകരിക്കണം. ആ കുഞ്ഞൂഞ്ഞച്ചായനെ ഒതുക്കണം. അതിന് പഴയ പാമോയില്‍ ഡബ്ബകള്‍ വീണ്ടും ഇറക്കണം. അങ്ങനേ ഒത്തിരി പണി കെടക്കുവാ… അതിനൊക്കെ പറക്കാന്‍ നമുക്ക് ചിറകില്ലാത്തതിനാല്‍ വേറെ എന്ത് വഴി… ഇതിനൊക്കെ ഇടയിലാ… ആ രാമചന്ദ്രന്‍ മാഷിന്റെ ചെല സത്യ പ്രസ്താവനകള്. സത്യം പറയാനും ചെല നേരോം കാലമൊക്കെയില്ലെ. അങ്ങേര് അതൊന്നും നോക്കുല്ല… വിളിച്ചങ്ങ് പറയും. പണ്ട് നടന്നതൊക്കെ… സീറ്റന്മാര് തക്കം പാര്‍ത്തിരിക്കുവാ സീറ്റ് കിട്ടാത്തതിനാല്‍. അവരെങ്ങാനും കേറി പണി തന്നാല്‍ ദൈവമേ… കക്ഷത്തുള്ളത് പോകേം ചെയ്തു ഉത്തരത്തുള്ളത് കിട്ടിയതുല്ലാന്ന് വരും. അതിലും ഭേദം… സ്വാഹ… കുനിഞ്ഞു നിന്നാല്‍ അങ്ങ് തലേ വരെ കേറണ കൂട്ടങ്ങളാ ഒപ്പമുള്ളത്… സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിലേ പണ്ട് ലീഡര്‍ക്ക് പറ്റിയ അബദ്ധം പിണയും. അങ്ങേര് ചെല കളിയൊക്കെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ ആശാന്റെ നെഞ്ചത്ത് കളരി പഠിച്ചവനാ ഈ … എന്നാലും ഒരു ശ്രദ്ധ… അത്ര മാത്രം.

കേരളമാകെ ഒന്ന് പറന്നു കാണാനും ഈ പത്രക്കാരും പിന്നെ ചെല മറ്റവന്മാരും സമ്മതിക്കൂലാ എന്ന് വെച്ചാ… ഇത് വല്ല്യ കഷ്ടം തന്നെ…

ആ ഗാന്ധിയപ്പൂപ്പന്‍ പറഞ്ഞ പോലെയൊക്കെ ഈ ഹൈടെക് കാലത്ത് പ്രവര്‍ത്തിക്കാന്‍ പറ്റ്വോ… അടുത്ത മാസത്തില് ഹജൂര്‍ കച്ചേരില് ഇരിക്കണം… അതും കുഞ്ഞൂഞ്ഞച്ചായനെ ഒരു ചവിട്ടും കൊടുത്തു വേണം. ഇനിയുള്ള മുന്നേറ്റം… പറന്നും മുഖ്യമന്ത്രിയാകണം… ഈ ചാന്‍സ് കളയാനൊക്കൂല… പിടിയെടാ പിടി.

ആക്ഷേപകന്‍

(ചിത്രം : കടപ്പാട് കാര്ട്ടൂണിസ്റ്റ് സുധീര്‍നാഥ്)

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

നമ്മുടെ ചിഹ്നം ഐസ്ക്രീം…

March 31st, 2011

ice-cream-epathram

നിന്നെ കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ
എന്നിട്ടെന്തെ നിന്നെക്കെട്ടാന്‍
ഇന്നു വരെ… വന്നില്ലാരും…

ഈ പാട്ടും പാടി ഒരു വിദ്വാന്‍ കോഴിക്കോട് അങ്ങാടി മുഴുവന്‍ കറങ്ങി നടന്നെന്ന്, അതിനിപ്പോ ആര്‍ക്കാ ചേതം എന്ന് ചോദിച്ച് ചിലരും, അവര്‍ക്കൊക്കെ എവിടെയും കടന്നു ചെല്ലാം, എന്തും കെട്ടാം ജാഥ വിളിക്കാം… അങ്ങ് എയര്‍പോട്ടീ വരെ കേറി കെട്ടിയാലും ആരും ചോദിക്കില്ല. വെള്ളരിക്കാ പട്ടണത്തില്‍ അങ്ങനെ ഈ വിദ്വാന്‍ ഒരു ഐസ്ക്രീം പാര്‍ലര്‍ തുടങ്ങി. ഇതു പോലെ എന്തിനും തയ്യാറായി ചിലരുള്ളപ്പോള്‍ എന്തിനു പേടിക്കണം? ഐസ് ക്രീം കച്ചവടത്തിന് സെയിത്സ് ഗേളായി ഒരുത്തിയെ വെച്ചു. സിനിമാ നടീടെ പേരുള്ള നല്ലൊരു ചൊറു ചൊറുക്കുള്ള ഒരുത്തി. അവളങ്ങ് കുറെ സെയില്‍ ചെയ്തു. കസ്റ്റമേഴ്സും കൂടി. കൂട്ടു കച്ചവടമാകുമ്പോള്‍ അല്ലറ ചില്ലറ കശ പിശ ഒക്കെ ഉണ്ടാവും. അതൊക്കെ ഈ ചാനലു മൊതലാളിമാര് ഏറ്റെടുത്താല്‍ എന്താ കഥ? പാവം എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പീഡനമെന്നോ, കുഞ്ഞെന്നോ, കുട്ടിയെന്നോ മറ്റോ…

ആരെ പാര്‍ടണറാക്കിയാലും ബന്ധുക്കാരെ ആക്കരുതെന്ന് പണ്ട് കാര്‍ന്നോമാര്‍ പറഞ്ഞത് വെറുതെയല്ല. പ്രത്യേകിച്ച് ഇളയച്ചന്മാരെ. കാലു വാരിയാല്‍ കുടുങ്ങിയില്ലെ? എന്നാല്‍ കുടുങ്ങി. അങ്ങേര് എല്ലാമങ്ങ് പറഞ്ഞു. എല്ലാമെന്ന് വെച്ചാല്‍ എല്ലാം. അങ്ങനെ ഐസ്ക്രീം കച്ചോടം പൂട്ടികെട്ടി. ഒരു തവണ ഏതാണ്ട് ഒരു എലി വന്ന് പുലിയെ കുറ്റിപ്പുറം പാലത്തിനു ചോട്ടില്‍ വെച്ച് തിന്നെന്നത് കെട്ടുകഥയാണെന്ന് വിശ്വസിച്ചു വരുമ്പോഴാ ആ തല തിരിഞ്ഞ ചെക്കന്‍ പണ്ട് മങ്കടേന്ന് കിട്ടിയ തല്ലിന് പകരം ചോദിക്കാന്‍ വന്നത്. ഇപ്പോ പഴേ പോലെയല്ല. എവടെ നോക്കിയാലും കേമറേം. കഷ്ടകാലത്തിന് ആ ബന്ധുവും. എന്തു ചെയ്യാനാ? മാനമെങ്കിലും കാക്കണ്ടെ? അങ്ങനെ കണ്ട അണ്ടനും പറങ്ങോടനും വേണ്ടതൊക്കെ കൊടുത്തു. കാറിനു കാറ്, വീടിനു വീട്, അങ്ങനെ പലതും.

എന്നിട്ടും കലിപ്പ് തീരാത്തവര്‍ കണ്ട ടീവീലും കേറി അതും ഇതും പറഞ്ഞു. തീയില്ലാണ്ട് പൊകണ്ടാവോ എന്ന് ചിലര്‍. വോട്ടൊക്കെ അടുത്ത് വന്നിരിക്ക്യല്ലെ? ദേ ചെലതൊക്കെ അന്വേഷിപ്പാന്‍ ചിലരും. ഒപ്പം നിന്നിരുന്ന ചെലരും മാറി. ഇനീപ്പൊ ആകെ മുങ്ങ്യാ കുളിരുണ്ടാവൂല എന്ന സ്ഥിതിയായി. ഇനീ തന്റെ ഐസ് ക്രീം കച്ചവടം വിപുലപ്പെടുത്തി യെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇത്തവണയും ഗോധയിലങ്ങിറങ്ങി. കഴിഞ്ഞ തവണത്തെ പോലെ അബദ്ധം പറ്റരുതല്ലോ. എത്രയാള് കേറിയാലും മുങ്ങാത്ത വേങ്ങമരത്തില്‍ ഉണ്ടാക്കിയ ഒരു തോണിയിലങ്ങ് കേറി. ഭാരതപ്പുഴ വഴി ഒരു കാരണവശാലും തിരിക്കരുതെന്ന് തോണിക്കാരന് താക്കീതും കൊടുത്തു. അവിടെ ഇപ്പോഴും എലികളുടെ ശല്ല്യമുണ്ടെന്ന കാര്യം എല്ലാവരെക്കാളും ഏറെ അറിയാവുന്ന ആളാണല്ലോ?

ചാനലുകാര്‍ക്കും അന്വേഷണ ത്വരതയുള്ള ചില പ്രത്യേക തരം പെണ്ണുങ്ങള്‍ക്കും നിരോധനവും ഏര്‍പ്പെടുത്തി ഏറെ ക്കുറെ കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ആ കൊച്ച്ങ്ങള് വീണ്ടും പറഞ്ഞത് മാറ്റി പറയാതിരുന്നാല്‍ രക്ഷപ്പെട്ടു, ഒരാള് ഇപ്പോള്‍ തന്നെ പൂജപ്പുരയിലിരുന്ന് ആത്മകഥയെന്ന തിരക്കഥ എഴുതുന്നുണ്ട്. അങ്ങേര്‍ക്ക് ഒരു സഹായിയെ തെരെഞ്ഞ് ആ അച്ചുമാമന്‍ നടക്കുന്നുമുണ്ട്. അയാളുടെ കണ്ണില്‍ പെടാതെ ഈ കടവൊന്ന് കടന്നു കിട്ടണം. അതിനിടയില്‍ കഴിഞ്ഞ പൂരത്തില്‍ തല്ലു കൊടുത്ത ആ ചെക്കന് ഇത്തവണയും രണ്ട് കൊടുക്കണം. അത്ര മാത്രമേ ഇപ്പോള്‍ ആഗ്രഹമുള്ളൂ…

പിന്നെ …

പെണ്ണേ മണവാട്ടി പെണ്ണെ
പെണ്ണെ മൊഞ്ചുള്ള പെണ്ണേ
നിന്റെ കൈകൊട്ടി പ്രായം

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്

March 29th, 2011

sindhu-joy-confesses-epathram

“മാറ്റമില്ലാത്തത് മാറ്റം മാത്രം” എന്ന മാര്‍ക്സിയന്‍ വാക്യം കുറെ മുമ്പെ പഠിച്ച ചിലര്‍ക്ക് ഇടയ്ക്കു വന്ന മാറ്റം ശ്രദ്ധേയമാണ്. സഭേം കുഞ്ഞാടുകളെയും എന്നും കോണ്‍ഗ്രസിലെ ഏമാന്മാര്‍ക്ക് എറെ ഇഷ്ടവുമാണ്. അതു കൊണ്ടാകാം ഇവരൊക്കെ മാറുന്നതും ഇങ്ങോട്ട് തന്നെ. ചുരുക്കി പറഞ്ഞാല്‍ വലത്തോട്ട്.

കുറെ കാലമായി ഒരു പാവം തന്റെ വാനിറ്റി ബാഗില്‍ കൊന്തയും കുരിശുമായി നടക്കുന്നു. പാര്‍ട്ടിക്ക് ഒരു കുരിശായ ഇവരെ പാര്‍ട്ടി വേണ്ട വിധത്തില്‍ പരിഗണിച്ചില്ല പോലും. ദേ പെണ്ണങ്ങ് ഇറങ്ങി. നേരെ കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക്. പണ്ട് തനിക്കെതിരെ പറഞ്ഞു നടന്നതൊന്നും കുഞ്ഞൂഞ്ഞ് ഓര്‍ത്തില്ല. കുമ്പസരിച്ചപ്പോള്‍ എല്ലാം മറന്നു. നേരെ പള്ളിയിലോട്ട് കൊണ്ട് പോയി മുട്ടിപ്പായി പ്രാര്‍ത്ഥിപ്പിച്ചു. ഇടവക വികാരിമാര്‍ തരുണീ മണിക്ക് ഒന്നാം തരം സ്വീകരണവും നല്‍കി.

ഇടയരാഗ രമണ ദു:ഖത്തിനു പരിഹാരമാണ് ഈ മനം മാറ്റമെന്നത് അരമന രഹസ്യമാണ്. എതോ ഒരു ഇടയന്‍ സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതില്‍ ലയിച്ച് ജീവിതം സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തായാലും എല്ലാം ഏറ്റു പറഞ്ഞ് കുമ്പസരിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാം ശരിയായെന്നാണ് പുള്ളിക്കാരി പറഞ്ഞത്.

കാലമേറെയായി വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന കൊന്തയും ബൈബിളും ഇപ്പോഴാണ് സ്വതന്ത്രമായി പുറത്തെടുക്കാന്‍ പറ്റിയതത്രെ. പണ്ട് ആ അത്ഭുത കുട്ടിയും ഇതു പോലെ പറയുന്നത് കേട്ടു. ഇതില് വല്ല സത്യവും ഉണ്ടോ സഖാക്കളെ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ. പണ്ട് കാടാമ്പുഴ ക്ഷേത്രത്തീന്നും ഏതോ ഒരു മൂത്ത സഖാവ് പൂമൂടിയെന്നൊ മറ്റോ… എന്തോ…

ഈ പെണ്‍ സഖാവിന് പണ്ടേ ഇങ്ങനെ തോന്നിയിരുന്നെങ്കില്‍ അങ്ങ് തുറന്ന് പറയാമായിരുന്നില്ല? ഇതിപ്പോ പാര്‍ട്ടിക്കിട്ട് ഒരു തട്ടും തട്ടി, കുമ്പസരിച്ച്… അതും കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക് ഒരു പോക്ക്.

കഴിഞ്ഞ തവണ കീരിയും പാമ്പും പൊലെ നിന്നിരുന്നവര്‍ ഇന്നിതാ ഒരേ പന്തിയില്‍. നിന്നെ പോലെ നിന്റെ അയല്‍കാരനെയും സ്നേഹിക്കണ മെന്നാണല്ലോ… അതു കൊണ്ട് കൊള്ളാവുന്ന ഒരു അയല്‍ക്കാരനെ അങ്ങ് സ്നേഹിച്ചു. പണ്ട് പാവം ഗൌരിയമ്മക്ക് പറ്റിയ അബദ്ധം പറ്റരുതെന്ന് കരുതി പാര്‍ട്ടിയോട് സ്വാഹ… ഇപ്പൊ എന്തൊരാശ്വാസം… ഇനിയുള്ള കാലം അനുസരണയുള്ള ഒരു കുഞ്ഞാടായി ഹൈകമാന്റിന്റെ തീരുമാന പ്രകാരം ഗ്രൂപ്പ് കളിച്ച് അങ്ങനെ ജീവിക്കണം.

(പിടിക്കുമ്പോള്‍ പുളിംകൊമ്പില്‍ തന്നെ പിടിക്കണമെന്ന് പണ്ട് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.)

നടുകഷണം: പാര്‍ട്ടിയിലെ ലോലന്‍ സഖാക്കന്മാര്‍ക്ക് നല്ല കാലം വരുന്നു. നിങ്ങളുടെ ഹൃദയം തുറന്നു വെയ്ക്കുക. പ്രേമം അനശ്വരമാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്ന പോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ… സീറ്റ് കിട്ടാതെ അലയുന്ന നിരവധി തരുണീ മണികള്‍ വലതു ഭാഗത്തും ഉണ്ട്.

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ

March 26th, 2011

ummanchandy-chennithala-epathram

പേരില്‍ തലയുണ്ടെങ്കിലും ചെന്നിത്തലയും തലയും അരയും മുറുക്കി അംഗത്തിനിറങ്ങി കഴിഞ്ഞു, ചാണ്ടിച്ചായന് ഒരു പാരയെങ്കിലും വെച്ചില്ലെങ്കില്‍ എന്തോന്ന് കോണ്‍ഗ്രസ്സ്. പണ്ടേ തിരുത്തിയും തിരുമ്മിയും കൈസാ ഹെ സാബ് പറഞ്ഞും അങ്ങ് ദല്‍ഹി വരെ എത്തിച്ച കാരണവരെ വരെ മൂലക്കിരുത്തി വാണ കക്ഷിയാ. അങ്ങേരോടാ കുഞ്ഞൂഞ്ഞിന്റെ കളി. ഗ്രൂപ്പെന്നാല്‍ എന്താണെന്നും അതിനു വേണ്ടി തിസീസ് എഴുതി നടപ്പിലാക്കിയ തലയാ മുഖ്യമന്ത്രി കസേര കൊതിക്കുന്നത്. അതും നായരമ്മാവന്മാര് മുഴുവന്‍ പിന്നിലുള്ളപ്പൊ. ചാണ്ടിച്ചായാ, ഇത്തവണ ഇത്തിരി പുളിക്കും. സഭേം കുന്തോം കൊടചക്രോം എന്തൂട്ട് ഉമ്മാക്കി കാണിച്ചാലും അന്തോണിച്ചനെ പറ്റിച്ച പോലെ ഇത്തവണ പറ്റൂല മോനെ.

ഹരിപ്പാട് ഒരു പാട് കളിപ്പിക്കാന്‍ തന്നെയാണ് കുഞ്ഞൂഞ്ഞും തീരുമാനിച്ചിട്ടുള്ളത്. തമ്മില്‍ ചേര്‍ന്നിരുന്ന് ദല്‍ഹിക്ക് പറന്ന് രണ്ടാളും എല്ലാ യജമാനന്മാരെയും കണ്ട് ഒതുക്കേണ്ടവരെ ഒതുക്കി, തോളിലിരുന്ന് ചെവി തിന്നവരെ സുന്നാമാക്കി കൊടുത്ത് വയറിളക്കിയും ഉണ്ടാക്കിയെടുത്ത ലിസ്റ്റുമായി ഇങ്ങെത്തിയതെയുള്ളൂ… ദേ കെടക്ക്ണ് കൊറെ സീറ്റ് കൊതിയന്മാര്‍. ആരൊക്കെ ആയാലും വേണ്ടില്ല ഇത്തവണയും സഭേടെ അനുഗ്രഹത്തോടെ അങ്ങ് കേറിയിരിക്കണം. അതിന് ചെന്നിത്തല യെങ്കില്‍ അത് … കാസര്‍കോഡ്ന്ന് തൊടങ്ങിയ സീറ്റ് തര്‍ക്കം, ഒക്കെ സഹിക്കണത് എന്തിന് വേണ്ടിയാ… അതൊക്കെ ആ‍ ചെന്നിത്തലക്ക് മനസിലാവ്വോ? പുതുപ്പള്ളിക്കാര്‍ക്ക് എന്നും കുഞ്ഞൂഞ്ഞ് പുണ്ണ്യാളനെ വേണംന്ന് വെച്ചാ യൂത്തന്മാര് തടഞ്ഞാലൊന്നും കുഞ്ഞൂഞ്ഞിനെ കിട്ടൂല. അതിവേഗം ബഹുദൂരം എന്നാണല്ലോ കുഞ്ഞൂഞ്ഞ് വാക്യം.

എന്തായാലും വ്യാസനെയും വാല്‍മീകിയെയും കടത്തി വെട്ടി കോണ്‍ഗ്രസ് പട്ടികയും എഴുതി ക്കഴിഞ്ഞു. ഇത്തവണ കൊച്ചു മുതലാളിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. അതിനാല്‍ ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യമില്ല. എന്നത്തെയും പോലെ ഇതിലും ആരും കേള്‍ക്കാത്ത ചിലരുണ്ട്. തെരെഞ്ഞെടുപ്പൊന്ന് കഴിഞ്ഞാ ഇവരെ എവിടെ തിരഞ്ഞാലും കിട്ടൂല. അതാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ എന്ന് അസൂയക്കാര്‍ പറയുന്നത്. ചീകി ഒതുക്കി വെച്ച മുടിയുമായി ചെന്നിത്തലയും, ചീകാത്ത തലയുമായി ചാണ്ടിച്ചായനും തമ്മിലാണ് പ്രധാന മത്സരം. ആര് മാന്‍ ഓഫ് ദി മാച്ചാകും എന്ന് കണ്ട് തന്നെ അറിയണം.

ആക്ഷേപകന്‍

ചിത്രം : കടപ്പാട് സുധീര്‍നാഥ്

- ഡെസ്ക്

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?

March 25th, 2011

sindhu-joy-police-beating-epathram

പുതുപ്പള്ളി എന്നാല്‍ കുഞ്ഞൂഞ്ഞ് എന്നാണ് ചൊല്ല്. അതു കൊണ്ട് തന്നെ വര്‍ഷം പലതു കഴിഞ്ഞിട്ടും ഇന്നും പുതുപ്പള്ളിയില്‍ ഒരു ചുവന്ന പൂ വിരിയിക്കാന്‍ സഖാക്കള്‍ക്ക് പറ്റിയിട്ടില്ല. പലരേയും മാറി മാറി പരീക്ഷിച്ചു നോക്കി. അങ്ങനെ കഴിഞ്ഞ തവണ ഒരാളെ കിട്ടി എസ്. എഫ്. ഐ. യിലെ അന്നത്തെ തീപ്പൊരി പെണ്‍ സിംഹം സിന്ധു ജോയ്. തെരുവില്‍ നിന്നും പോലീസിന്റെ തല്ല് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. പോരാത്തതിനു പെണ്ണും. വേറെന്തു വേണം? ഉടനെ പുതുപ്പള്ളിയിലേക്ക് കയറ്റി അയച്ചു ആ പെണ്‍ സിംഹത്തെ. അങ്ങനെ കുഞ്ഞൂഞ്ഞിനെതിരെ ഏറെ പാടിയും പറഞ്ഞും നടന്നു പാവം. ചില സഖാക്കള്‍ ആ പാവത്തെ ബലിയാടാക്കി എന്ന് രഹസ്യമായി പറഞ്ഞു.

sindhu-joy-waving-palm-epathram

ആ പെണ്‍ സഖാവ് ഇന്നിതാ കുഞ്ഞൂഞ്ഞിനു വേണ്ടി പുതുപ്പള്ളിയില്‍. പീഡന വീരന്മാരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് വി. എസ്. അന്ന് പറഞ്ഞപ്പോള്‍ വീറോടെ കൈയ്യടിച്ച സഖാവിന് ഇന്ന് വി. ഐ. പി. ആരാണെന്ന് അറിയണം. അങ്ങനെ പലതും അറിയണമത്രെ. കേരളത്തിലെ സര്‍വ്വ പെണ്ണുങ്ങള്‍ക്കും സുരക്ഷ യില്ലെങ്കിലും എ. കെ. ജി. സെന്ററില്‍ വരുന്ന വരുടെയെങ്കിലും സുരക്ഷ നോക്കിയാല്‍ മതിയെന്ന് വരെ പുള്ളിക്കാരി ആവേശത്തില്‍ പറഞ്ഞപ്പോള്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ്സു കാരൊക്കെ കയ്യടിച്ചു…

പാര്‍ട്ടി തനിക്ക് അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് പറഞ്ഞാണ് പാര്‍ട്ടി വിട്ടത്. പുറത്താക്കി യതെന്ന് പാര്‍ട്ടിക്കാര്‍. ഇതു കേട്ടപ്പോള്‍ കുഞ്ഞൂഞ്ഞിനും ആവേശം മൂത്തു. പാര്‍ട്ടിയില്‍ കിടന്ന് നരക യാതന അനുഭവിക്കുന്ന തരുണീ മണികള്‍ക്ക് സ്വാഗതം ഓതുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ പെണ്‍പടയുടെയും പ്രതീകമാണ് സിന്ധു എന്നും നേതാവങ്ങ് പറഞ്ഞു പോയി… ഉടനെ ചെന്നിത്തല ഒരു മെമ്പര്‍ഷിപ്പും കീറി കൊടുത്തു. ഇനി കുഞ്ഞൂഞ്ഞിനെ വാനോളം പുകഴ്ത്തി പാടി സിന്ധു ജോയ് എന്ന വാനമ്പാടി പുതുപ്പള്ളി മുഴുവന്‍ കറങ്ങി നടക്കും… കാലത്തിന്റെ ഓരോരോ കാര്യങ്ങളെ… ബന്ധുവാര് … ശത്രുവാര്…

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പിള്ളക്കു ചിഹ്നം ഗോതമ്പുണ്ട…

March 24th, 2011

gothambunda-epathram

പേരിന്റെ ആദ്യത്തിലും അവസാനത്തിലും കുട്ടിത്തമുണ്ട് അതു കൊണ്ട് തന്നെ പിള്ളക്കിത് ഒരു കുട്ടിക്കളി മാത്രം, ഇടമലയാറീന്ന് അങ്ങ് പൂജപ്പുരയിലേക്ക് ഒരു സുഖവാസ യാത്ര… ഹ.. ഹ… നല്ല രസം, ജീവിത്തിലാദ്യമായി കൊതുകു കടി കൊണ്ട അനുഭവം അതിലും രസം. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷനൊന്ന് മനസ്സു വെച്ച് ഗോതമ്പുണ്ട ചിഹ്നമായി കിട്ടിയാല്‍ കാര്യം കുശാല്‍…

“തള്ള ചവിട്ടിയാല്‍ പിള്ളക്കു കേടില്ല” എന്നാണല്ലോ. അതു കൊണ്ട് തന്നെ കൊട്ടാരക്കരയില്‍ നിന്നും ഒരു ചവിട്ടു കൂടി കിട്ടിയാലും കുഴപ്പമില്ലെന്നു പിള്ളക്കു തോന്നിയത്. വീട്ടു കാര്യങ്ങള്‍ നടത്താന്‍ മകനൊരുത്തന്‍ പത്തനാപുരത്ത് ഗോദയിലുണ്ട്. പിള്ളയെന്ന മഹാനു ജയിലീ കെടന്നും ജന സേവനം നടത്തണം പോലും. അതിന് ഇനി ഐക്യ മുന്നണിക്കാരൊന്നു കണ്ണടച്ചാല്‍ മതി, ചാണ്ടിച്ചായനും ചെന്നിത്തല കുട്ടനും കുഴപ്പമുണ്ടാകാനിടയില്ല എന്നു കരുതി. അവരും കാലു വാരി. പിന്നെ കോണ്‍ഗ്രസ്സില്‍ ചില ധീരന്മാരുണ്ട്. അവര്‍ വാളെടുത്തു. ഈ പിള്ളേച്ചന്‍ കുടുങ്ങിയത് തന്നെ. അല്ലേലും ഈ ധീരനെ കൊണ്ട് കോണ്‍ഗ്രസെന്നേ പൊറുതി മുട്ടിയിരിക്ക്യാണ്. അല്ലറ ചില്ലറ കരി മണല്‍ ബിസിനസും മറ്റും നടത്താനൊന്നും ഇയാള് സമ്മതിക്കൂല. പിന്നെ നിയമ സഭാ സമ്മേളനം. അതിപ്പൊ എന്നാ ശരിക്കങ്ങ് നടന്നിട്ടുള്ളത്? വേണംന്ന് വെച്ചാ ചക്ക വേരിലും കായ്ക്കും.

സമ്മേളനമങ്ങ് പൂജപ്പുരയിലോട്ട് മാറ്റിയാല്‍ പുളിക്കുമോ? അല്ലേലും ഇനീം ചെലെര്‍ക്കൊക്കെ വരാനുള്ളതല്ലെ. ഇപ്പൊ പഴേ പോലൊന്നുമല്ല. അത്യാവശ്യം കച്ചവടമൊക്കെ ജയിലിലും നടക്കും. ഐസ്ക്രീമും, പാമോയിലും… എന്ത് വേണമെങ്കിലും ജയിലീലും കിട്ടും.

പിന്നെയെന്താ… ഇത്രയൊക്കെ പറഞ്ഞിട്ടും പിള്ള വാക്യം തള്ളാനാണ് ഭാവമെങ്കില്‍ ദേ ഈ കൊട്ടാരക്കരക്കാര് പിള്ളയെ അങ്ങ് ജയിപ്പിച്ച് കയ്യീ തരും. പിന്നെ ഷാജി കൈലാസിന്റെ സിനിമേ പറേണ പോലെ പൊതു ജനം കഴുത എന്നൊക്കെ ചെല വിവരമില്ലാത്തവര്‍ പറഞ്ഞു നടക്കും. അത് കാര്യമാക്കണ്ട. ജയിച്ചാ ആ കസേരേലൊന്നു ഇരുന്ന് വേണം ഇടമലയാറൊക്കെ ഒന്നു കൂടി കറങ്ങാന്‍ എന്നു വരെ പറഞ്ഞു നോക്കി.

എന്നിട്ടും അവന്മാര് അടുത്തില്ല. ഈ ചെന്നിത്തല ഗോലി കളിക്കുമ്പോള്‍ ദേ ഈ പിള്ളേച്ചനൊക്കെ ഐക്യ മുന്നണി ഉണ്ടാക്കാന്‍ പെടാപാട് പെടുകയാര്‍ന്നു. അല്ലേലും പഴയ കാര്യങ്ങള്‍ ആര്‍ക്കു വേണം അല്ലെ? ആത്മകഥ എഴുതാന്‍ കൊള്ളാം ഈ പറഞ്ഞതൊക്കെ.

ആ പാവത്താന്‍ പിള്ളക്കു വേണ്ടിയാണ് പക്ഷെ കാര്യം ഗോപി ….

നടുകഷണം: “മഹാന്മാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പിള്ള വാക്യം, എന്നാല്‍ ജയിലില്‍ കിടന്നവരെല്ലാം മഹാന്മാരല്ല എന്നത് തള്ള വാക്യം”

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പീബിയാദി ലേഹ്യവും അച്ചുമാമനും

March 19th, 2011

vs-achuthanandans-health-secret-epathram

പീബിയാദി ലേഹ്യം കഴിച്ചു അച്ചു മാമന്‍ ആരോഗ്യവാനായി.

“അല്ലേലും ഈ പീബിയാദി ലേഹ്യത്തിന്റെ ശക്തി ഒന്ന് വേറെ തന്നെ”. ഈ സത്യം അറിയണം എങ്കില്‍ അച്ചു മാമനോട് ചോദിച്ചാല്‍ മതി. എത്ര പെട്ടെന്നാണ് ആരോഗ്യം മെച്ചപ്പെട്ടത്, വെറും മൂന്നു ദിവസം മാത്രം. എസ്. ആര്‍. പി. എന്ന പാനീയം ഒഴിവാക്കുക എന്ന പഥ്യം കണിശമായി പാലിച്ചതിനാല്‍ ലേഹ്യം ഫലം ചെയ്തു.

ഇപ്പോഴിതാ അങ്ങേര് ക്ലിഫ് ഹൌസില്‍ തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോക്ക് വേണ്ടി പ്രാക്ടീസിലാണ്.

“ഏട്ടന്‍ കേഡി… അനിയന്‍… കേഡി…
ഏട്ടന്‍ കേഡി……അനിയന്‍….കേഡി…”

ഡെയിന്‍ജര്‍ സോണില്‍ ആയിരുന്ന അച്ചു മാമന്‍. ഇപ്പോഴിതാ ജനങ്ങള്‍ എസ്. എം. എസ്. അയച്ചു രക്ഷപ്പെടുത്തി യിരിക്കുന്നു. അതും പിണറായി, കോടിയേരി എന്നീ ജഡ്ജിമാരെ വെട്ടിച്ച്. സംഗതി ഇല്ലെന്നു പറഞ്ഞ ജഡ്ജി മാര്‍ക്ക് ജനങ്ങള്‍ എസ്. എം. എസിലൂടെ സംഗതിയങ്ങ് ഉണ്ടാക്കി കൊടുത്തു. അതിനു വേണ്ടി അച്ചു മാമന്‍ കഴിച്ച മരുന്നുകള്‍ ചില്ലറയല്ല. മൂത്ത് നരച്ച അംഗങ്ങളെ വെച്ച് നൂറ്റൊന്നാവര്‍ത്തി തിരിച്ചും മറിച്ചും ചൂടാക്കി അവൈലബിള്‍ പി.ബി. എന്ന വിദേശ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന പീബിയാദി ലേഹ്യം, മാനസിക അസ്വാസ്ഥ്യം വരുമ്പോള്‍ കാരാട്ട് എന്ന സ്ഥലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക തരം ജീവിയുടെ തൊലിയില്‍ നിന്നും എടുക്കുന്ന കൊഴുപ്പ് കൊണ്ട് ഉണ്ടാക്കുന്ന യെച്ച്ചൂരാദി  വടഹവും, കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കാനും, മലമ്പുഴ പോലുള്ള മലമ്പ്രദേശങ്ങള്‍ കേറാനും വൃന്ദാവിലാദി എണ്ണ കൊണ്ട് വിസ്തരിച്ചൊരു കുളിയും കൂടി ആയപ്പോള്‍ എല്ലാം റെഡി. ഈ മരുന്ന് കഴിച്ച് ഇനി തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ മറ്റു പലരും ഡല്‍ഹിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നാണു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൊണ്ണൂറു കഴിഞ്ഞാലും ഇനിയും മല കേറാന്‍ ശക്തി തരുന്ന അച്ചുവയാദി ലേഹ്യം വികസിപ്പി ച്ചെടുക്കാനുള്ള തിരക്കിലാണ്  ഈ. പി. വൈദ്യനും ഐസക് ഡോക്ടറും. എന്നാല്‍  മധുര കാമേശ്വരി ലേഹ്യം കഴിച്ച ഒരു വിദ്വാന്‍ വനിതാ സ്ഥാനാര്‍ഥികളെ വട്ടമിട്ട് നടക്കുന്നു എന്നും അതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഇന്റലിജെന്‍സ് അറിയിക്കുന്നു. ഈ വിദ്വാന്‍ ഇനി എളുപ്പത്തില്‍ കഴിക്കാവുന്ന ഐസ് ക്രീമില്‍ പരീക്ഷണം നടത്തുകയാണ്. അതിനു വേണ്ടി ഈ രംഗത്ത് ഏറെ പ്രവര്‍ത്തി പരിചയമുള്ള പ്രതിപക്ഷത്തുള്ള ഒരു വിദ്വാനെ കോച്ചായി നിയമിച്ചു കഴിഞ്ഞു.

അറിയിപ്പ് : മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സാമ്രാജ്യത്വ ബഹുരാഷ്ട്ര കുത്തക കമ്പനി ഈ ലേഹ്യങ്ങളുടെ പേറ്റന്റ് സ്വന്തമാക്കാന്‍ പാഞ്ഞു നടക്കുന്നതിനാല്‍ സഖാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് സെക്രട്ടറിയേറ്റ് എന്ന ഓഫീസ് അറിയിച്ചിരിക്കുന്നു.

വാല്‍ കഷണം : ജനങ്ങള്‍ക്ക് വിവരം വെച്ചത് കൊണ്ടാണ് പ്രകടനങ്ങള്‍ നടത്തിയതെന്ന് എന്നും, പാര്‍ട്ടിക്ക് അതീതന്‍ ആരുമില്ലെന്നും, അതീതന്‍ മാരെല്ലാം പാര്‍ട്ടിക്കാരാണ്  എന്നും അവൈലബിള്‍ കമ്മറ്റി കണ്ടെത്തി.

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

5 അഭിപ്രായങ്ങള്‍ »

ഏറെ മോഹിച്ചു ഇനിയുമൊരിക്കല്‍…

March 17th, 2011

“ഏറെ മോഹിച്ചാലെ അല്‍പ്പമെങ്കിലും കിട്ടൂ” ഇത് ഒരു ചൊല്ലു മാത്രമല്ല, പാര്‍ട്ടിയില്‍ വല്ലതുമൊക്കെ കിട്ടണമെങ്കില്‍ ഏറെ തല തല്ലണം, ആല്ലെങ്കിലിത് കോണ്‍ഗ്രസ്സാവൂലെ, പാര്‍ട്ടിക്കെന്നും കൃത്യമായ നയമുണ്ട്, അത് കണ്ണൂരൊഴികെ സോറി… എല്ലാവര്‍ക്കും ഒന്നാണ്. അല്ലേലും അഞ്ചു കൊല്ലം പാര്‍ട്ടി ഏറെ സഹിച്ചു അങ്ങ് കാരാട്ട് വരെ ക്ഷ, ട്ട, ണ
വരച്ചു, സ്റ്റേറ്റും പി. ബി. യും കടന്ന് അങ്ങേരങ്ങ് വളര്‍ന്നു പോലും, “ഇയ്യാളു മുഖ്യ മന്ത്രിയായാല്‍ ഞമ്മക്കൊക്കെ ജയിലീ പോയി കെടക്കാന്ന് ”പറഞ്ഞയാളും അഞ്ചു കൊല്ലം സുഖമായി ഭരിച്ചു, വാ പോയ കോടാലിയെന്ന് പാര്‍ട്ടി തന്നെ പറഞ്ഞ മന്ത്രിയങ്ങ് സ്വയം ഒതുങ്ങി, എന്നിട്ടും കണ്ണൂരു നിന്നുള്ള വെടി വട്ടം നിന്നില്ല. പണ്ടു മുതലെ അല്ലറ ചില്ലറ തരികിട ചിറ്റിത്തിരി ഉണ്ടായിരുന്ന പാര്‍ട്ടി ജില്ലാ അധിപനെ ഒരു പേരിനങ്ങ് മാറ്റി നിര്‍ത്തി, ഇനി വീ എസ് അല്ല ഒടേമ്പ്രാന്‍ നേരിട്ട് വന്നാലും പാര്‍ട്ടി ക്കതീതനാ കാനൊക്കൂല, അതു ലോട്ടറി മാര്‍ട്ടിനാ‍യാലും ഓ..സോറി… നേതാക്കളുടെ പേരു മാറുന്നു വേണ്ടില്ല, ഇനി മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്ന ഒരു കൂട്ടമുണ്ട് അവരെങ്ങാനും ഇനി ഇതിയാനെ പിടിച്ച് പൊക്കി കൊണ്ട് വാരാതിരുന്നാ‍ല്‍ മതി. നീലാണ്ടന്മാരും, പിയേഴ്സന്മാരും ഇനി ചാനലില്‍ നിറയും, മറുപടിക്കായി അങ്ങു കണ്ണൂര്‍ വെടി വെട്ടം ഇ. പി. യും ചേര്‍ന്നാല്‍ കാണാം പൂരം. ലാവ് ലിന്‍ രേഖകളുമായി പാവം കുറെ പ്രാവശ്യം അങ്ങു ദെല്‍ഹി വരെ പോയി നോക്കി, എന്തു പ്രയോജനം, സംസ്ഥാനത്ത് സെക്രട്ടറിയേറ്റ് അംഗങ്ങളല്ലാത്ത ആരും ആഗ്രഹിക്കാത്ത തീരുമാനമെടുത്ത് പാര്‍ട്ടിയെ വീണ്ടും പിണറായി ചെറുതാക്കി എന്നൊന്നും കരുതരുത്, പാവം ഒരു വയസ്സനല്ലെ കുറച്ചു കൂടി അങ്ങു ഇരുന്നോട്ടെ എന്നൊക്കെ പറയാന്‍ ആരും അങ്ങേര്‍ക്കൊപ്പം ഇല്ലാതെ പോയി, ഇനി മൂന്നാര്‍, ലോട്ടറി, ലാവ് ലിന്‍, എന്നൊന്നും വല്ലാതെ കേള്‍ക്കില്ല, തരം താഴ്ന്ന് ഇല്ലാതാവേണ്ടി വരും, വയസ്സാന്‍ കാലത്ത് അതു വേണോ?

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

3 അഭിപ്രായങ്ങള്‍ »


« പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു
പീബിയാദി ലേഹ്യവും അച്ചുമാമനും » • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine