കിനാലൂരിലെ സംഭവങ്ങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യ വിരുദ്ധരെയും കൂട്ടു പിടിച്ച് മത മൗലിക വാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങ്ങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹി ക്കുന്നവരും കൂടി രാജ്യ ദ്രോഹ പരമായ പ്രവര്ത്തനം നടത്തുമ്പോള്‍ അതിന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു. ഡി. എഫ്. ശ്രമം അപകട കരമാണ്. കോണ്ഗ്രസ്സും ത്രിണമുല്‍ കോണ്ഗ്രസ്സും ഇടതു പക്ഷ സര്ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങ്ങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടു പിടിച്ച് കളിച്ച കളിയാണു മാവോയിസ്റ്റുകളെ ശക്തി പ്പെടുത്തിയതും രാജ്യത്തിന് തന്നെ വന്‍ ഭീഷണി യായി തീരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്. തീവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു. ഡി. എഫ്. എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥ യിലേക്കാണ് എത്തിക്കുക.
എല്‍. ഡി. എഫ്. സര്ക്കാര്‍ ചെയ്ത കുറ്റമെന്താണ്?
എല്‍. ഡി. എഫ്. സര്ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?
1995ല്‍ കേന്ദ്ര സര്ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്ഷമായി ഭൂമി വിനിയോഗി ക്കപ്പെട്ടിട്ടില്ല.
30 ഏക്കര്‍ പി. ടി. ഉഷാ സ്കൂളിന് നല്കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്ക്ക് സ്ഥാപിക്കാന്‍ ധാരണയായി.
ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നു വെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടു പോയി.
എങ്കിലും വ്യവസായ സംരംഭം വഴിമുട്ടാന്‍ എല്‍. ഡി. എഫ്. സര്ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്ക്ക് ഇതു മൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കണം.
അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചു വരുന്നത്. കോഴിക്കോട്ടു നിന്ന് കിനാലൂര്‍ വരെ 28 കിലോ മീറ്റര്‍ നാലു വരിപ്പാത നിര്മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ.
കോഴിക്കോട് കലക്ടര്‍ മുന്കൈ എടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായ മന്ത്രി പങ്കെടുത്തു. രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികളെ വിളിച്ചു ചേര്ത്തു. കോണ്‍ഗ്രസിനു വേണ്ടി സ്ഥലം എം. പി. എം. കെ. രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനു വേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്കുമെന്ന് ഉറപ്പു നല്കി. വീട് നഷ്ടപ്പെടു ന്നവര്ക്ക് വീടു വയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്കുമെന്നും, അവരെ ബോധ്യപ്പെടുത്തി.
വീടും ഭൂമിയും വിട്ടു നല്കുന്നവര്ക്ക് ന്യായ വിലയ്ക്കു പുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പു വരുത്തി. സ്ഥലം ഉടമകളില്‍ ബഹു ഭൂരിപക്ഷം പേരും സ്ഥലം പൂര്ണ മനസ്സോടെ വിട്ടു കൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്ക്കിന് സ്വാഗതം ഓതിക്കൊണ്ട് വീടിനു മുമ്പില്‍ ബോര്ഡു വച്ചു.
11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണ യുണ്ടാക്കിയത്. ഈ സാഹചര്യ ത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും, റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്ക്ക് സംരക്ഷണം നല്കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി.
ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന) എസ. ഡി. പി. ഐ. തുടങ്ങിയ പാര്‍ട്ടി കളുടെയും സംഘടന കളുടെയും ഏതാനും പ്രവര്ത്തകരാണ് രംഗത്തു വന്നത്.
വലത് – ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായ സംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകര പ്രവര്ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്ക്കും പങ്കാളിത്ത മുണ്ടെന്ന് വിവരമുണ്ട്. ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനെ അടിക്കുന്ന സമര മുറ മുമ്പ് കേട്ടു കേള്വി യില്ലാത്ത താണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനു നേരെ എറിഞ്ഞു.
പിന്നെ കല്ലേറാ ണുണ്ടായത്. കല്ല് മുന്കൂട്ടി ശേഖരിച്ചു വച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെ പ്പറ്റി എഴുതിയ തിങ്ങനെയാണ്: “സമരക്കരെ അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കു ന്നതിനി ടെയാണ് സംഘര്ഷ മുണ്ടായത്. പ്രകടന മായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്ന്ന് പൊലീസ് ഇവരോട് അറസ്റ്റു വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസി നെതിരെ ചാണകമേറുണ്ടായി.
അതോടെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചു നിന്നു. ഏറെ നേരം ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് പൊലീസി നെതിരെ കല്ലേറ് വന്നത്. തുടര്ന്ന് പൊലീസ് ലാത്തി വീശി. ശക്തമായ കല്ലേറാ ണുണ്ടായത്. ഇതില്‍ ഡി. വൈ. എസ്. പി. അടക്കം 25 പൊലീസു കാര്ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്ദിച്ചു”. ഈ റിപ്പോര്ട്ട് വായിക്കുന്ന ഏതൊരാള്ക്കും പൊലീസ് അസാമാന്യമായ സംയമനം പാലിച്ചെന്നു വ്യക്തമാകും.
കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രി യിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്ട്ട് ചെയ്തത്. യഥാര്ഥത്തില്‍ അവിടെ നടന്നത് നിയമ പാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മ രക്ഷാര്‍ത്ഥ മായാണ് ചെറിയ തോതില്‍ ബല പ്രയോഗം നടത്തിയതെന്ന് വ്യക്തം.
കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സ പ്പെടുത്തുന്നത് രാജ്യ ദ്രോഹമാണ്. സാമൂഹ്യ ദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്കൈ യെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തു നിന്നു മാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്ത്തി യാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്ട്ടു ചെയ്തിട്ടുണ്ട്.
സര്‍വേ തുടങ്ങണം. വ്യവസായ പാര്ക്ക് വരണം. പൊലീസിനെ നിര്‍വീര്യ മാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോണ്ഗ്രസും ഇത്തരം വികസന വിരുദ്ധ പ്രവര്ത്ത നങ്ങള്ക്ക് പിന്തുണ നല്കുന്നത് അവര്ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചു കൂടാ. തീവ്രവാദികളെ മാത്രമല്ല അവരെ സഹായി ക്കുന്നവരേയും കേരള ജനത വെച്ചു പൊറുപ്പിക്കില്ല.
– നാരായണന്‍ വെളിയംകോട്